തരം താണ പെരുമാറ്റവുമായി വീണ്ടും അര്‍ണബിന്റെ റിപ്പബ്ലിക് ടി വി

ദില്ലി: അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി വീണ്ടും വിവാദത്തില്‍. റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ കൊല്ലപ്പെട്ട രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ പിതാവിന്റെ അഭിമുഖം എടുക്കുന്നതിനിടെ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയുടെ മാധ്യമ പ്രവര്‍ത്തക നടത്തിയ തരംതാഴ്ന്ന പെരുമാറ്റമാണ് റിപ്പബ്ലിക് ടിവിക്കു ചീത്തപ്പേരായത്.

ഇതാണ് സംഭവം: ദേശീയമാധ്യമങ്ങളായ ടൈംസ് നൗവിനും റിപ്പബ്ലിക് ടിവിക്കും അഭിമുഖം നല്‍കാമെന്ന് മരണപ്പെട്ട രണ്ടാം ക്ലാസുകാരന്റെ പിതാവ് സമ്മതിച്ചിരുന്നു. എന്നാല്‍ ടൈംസിന് അഭിമുഖം നല്‍കുന്നതിനിടെ, ഇന്റര്‍വ്യൂ ആദ്യം തങ്ങള്‍ക്ക് വേണമെന്ന് പറഞ്ഞ് റിപ്പബ്ലിക് ടിവിയുടെ മാധ്യമപ്രവര്‍ത്തക ടൈംസ് നൗവിന്റെ ലേപല്‍ മൈക്ക് തട്ടിമാറ്റുകയായിരുന്നു.

ഇത് കണ്ട ടൈംസ് നൗവിലെ മാധ്യമപ്രവര്‍ത്തക റിപ്ലബ്ലിക്കിന്റെ മാധ്യമപ്രവര്‍ത്തകയെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ അവരെ തള്ളിമാറ്റി ലേപല്‍മൈക്ക് റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍ വീണ്ടും തട്ടി മാറ്റി.

സംഭവത്തിന്റെ വീഡിയ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് കാര്യം പുറത്തറിഞ്ഞത്. ഇതോടെ രൂക്ഷവിമര്‍ശനമാണ് റിപ്ലബ്ലിക് ടിവിക്കെതിരെ ഉയരുന്നത്.