ക്ലാസ്സില്‍ വരാതിരുന്ന വിദ്യാര്‍ത്ഥികളുടെ മുഖത്ത് കരി ഓയില്‍ തേച്ച് തെരുവില്‍ നടത്തിച്ച് അധ്യാപകന്റെ കാടത്തം

ഭോപ്പാല്‍: വിദ്യാര്‍ത്ഥികളോടുള്ള അധ്യാപകരുടെ കിരാത മുഖങ്ങള്‍ അവസാനിക്കുന്നില്ല. മധ്യപ്രദേശില്‍ ക്ലാസില്‍ വരാതിരുന്ന അഞ്ച് വിദ്യാര്‍ത്ഥികളുടെ മുഖത്ത് കരിയടിച്ച് തെരുവില്‍ നടത്തിച്ച് അധ്യാപകന്റെ ശിക്ഷ. സെപ്റ്റംബര്‍ 6ന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മധ്യപ്രദേശിലെ സിംഗ്‌റൗലി ജില്ലയിലെ സര്‍ക്കാര്‍ മിഡില്‍ സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കി.

സര്‍ക്കാര്‍ മിഡില്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ അഞ്ച് ആണ്‍കുട്ടികളാണ് അധ്യാപകന്റെ ക്രൂരതയ്ക്ക് ഇരയായത്. രാംദരശ് പ്രജാപതി എന്ന അധ്യാപകനാണ് കുട്ടികളുടെ മുഖത്ത് കരി ഓയില്‍ പ്രയോഗം നടത്തി ശിക്ഷിച്ചതെന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ പറഞ്ഞു. ഈ വിദ്യാര്‍ത്ഥികള്‍ രണ്ട് ദിവസം സ്‌കൂളില്‍ വരാതിരുന്നതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. കരിഓയില്‍ കൊണ്ട് കുട്ടികളുടെ മുഖത്ത് താടിയും മീശയും വരച്ച ശേഷം ഇവരിപ്പോള്‍ മുതിര്‍ന്നവരായെന്നും ഇവര്‍ക്ക് ഇനിയാരെയും അനുസരിക്കേണ്ടതില്ലെന്നും പറഞ്ഞ് തെരുവില്‍ നടത്തിക്കുകയായിരുന്നു.

സംഭവത്തില്‍ അധ്യാപകനെതിരെ നടപടി സ്വീകരിക്കാതിരുന്നത് ചൂണ്ടിക്കാട്ടി സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ കുട്ടികള്‍ പരാതി നല്‍കി. പ്രിന്‍സിപ്പലിനെതിരെ ജില്ലാകളക്ടര്‍ക്കാണ് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്. രക്ഷിതാക്കള്‍ സ്‌കൂളില്‍ എത്തുന്നത് വരെ കുട്ടികള്‍ക്കെതിരായ അവഹേളനം തുടര്‍ന്നു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ജില്ലാ കളക്ടര്‍ അനുരാഗ് ചൗധരി പറഞ്ഞു. സംഭവം ഗൗരവമേറിയതാണ്. കുട്ടികളെ പരസ്യമായി അവഹേളിക്കുന്നത് അനുവദിക്കാനാകില്ലെന്നും കളക്ടര്‍ പറഞ്ഞു.