പാലക്കാട് വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

പാലക്കാട്: തോലന്നൂരില്‍ വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പുളക്കല്‍ പറമ്പില്‍ സ്വാമിനാഥന്‍(72), ഭാര്യ പ്രേമകുമാരി(62) എന്നിവരാണ് കൊല്ലപ്പെട്ടത്. സ്വാമിനാഥനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലും, പ്രേമകുമാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

കൊലപാതക സമയത്ത് വീട്ടിലുണ്ടായിരുന്ന ഇവരുടെ മരുമകള്‍ക്ക് അക്രമത്തില്‍ പരിക്കേറ്റതായി വിവരങ്ങളുണ്ട്. മരുമകളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് വിവരം. വധഭീഷണിയുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് മരുമകള്‍ ദമ്പതികള്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയത്. ഇവരെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ രാത്രിയാണ് കൊലപാതകം നടന്നത്. പുലര്‍ച്ചെ സമീപവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി വിരലടയാള വിദഗ്ദര്‍ ഉള്‍പ്പെടെയുള്ള അന്വേഷണ സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം തനിക്കും കുടുംബത്തിനും വധ ഭീഷണിയുള്ളതായി കാണിച്ച് സ്വാമിനാഥന്‍ ഒരാഴ്ചമുമ്പ് പോലീസിന് പരാതി നല്‍കിയിരുന്നുവെന്നാണ് വിവരം. എന്നാല്‍ ഈ പരാതിയില്‍ പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ല എന്ന ആക്ഷേപം ഉയരുന്നുണ്ട്.