ദിലീപ് ജാമ്യ ഹര്‍ജി നല്‍കുന്നത് വ്യാഴാഴ്ചത്തേക്കു മാറ്റി;നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കുമ്പോള്‍ തിരിച്ചടിയാകുമെന്ന് ഭയം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായി രണ്ട് മാസം പിന്നിട്ട ദിലീപ് ഇന്ന് ജാമ്യാപേക്ഷ നല്‍കില്ല.സംഭവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സംവിധായകന്‍ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്ന സാഹചര്യത്തില്‍ മൂന്നാം ജാമ്യാപേക്ഷ ഇന്ന് നല്‍കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് തീരുമാനം മാറ്റാന്‍ കാരണം. ജാമ്യാപേക്ഷ നാളെ നല്‍കാനാണ് തീരുമാനം. ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളയാണ് ജാമ്യാപേക്ഷ നല്‍കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിയതായി അറിയിച്ചത്.
ഗുരുതര ആരോപണങ്ങള്‍ ഉള്ള ക്രിമിനല്‍ കേസായതിനാല്‍ സുപ്രീം കോടതിയെ സമീപിച്ചാല്‍ തിരിച്ചടിയാകുമെന്ന ഭയത്താലാണ് ദിലീപ് വീണ്ടും ഹൈക്കോടതിയെത്തന്നെ സമീപിക്കുന്നത്. നേരത്തെ രണ്ടുവട്ടം ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ അച്ഛന്റെ ശ്രാദ്ധത്തിന് അനുമതി നല്‍കിയ കോടതി നിര്‍ദ്ദേശിച്ച നിബന്ധനകള്‍ കൃത്യമായി പാലിച്ചത് ചൂണ്ടി കാണിച്ചാവും ദിലീപ് മൂന്നാം ജാമ്യാപേക്ഷ നല്‍കുക.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.നടിയെ ആക്രമിക്കാന്‍ നാദിര്‍ ഷാ തനിക്കു 25000 രൂപ നല്‍കി എന്ന് കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ മൊഴി പുറത്തുവന്ന സാഹചര്യവും പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിക്കുമെന്നാണു സൂചന.