ഭീകരരുടെ പിടിയില്‍ നിന്നും മോചിതനായ ഫാ. ടോം ഉഴുന്നാലിന്റെ കരം ചുംബിച്ച് മാര്‍പാപ്പ: വികാരതീവ്രമായ രംഗങ്ങള്‍ക്ക് സാക്ഷിയായി വത്തിക്കാന്‍
റോം: ഭീകരരുടെ തടവറയില്‍ നിന്നും മോചിക്കപ്പെട്ട മലയാളി വൈദികന് ഫാ. ടോം ഉഴുന്നാലില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. പരസ്പരം കൈകള്‍ മുത്തി സ്നേഹവും വാല്സല്യവും അവര്‍ പ്രകടിപ്പിച്ചു.
കത്തോലിക്കാ സഭയുടെ തലവനായ മാര്‍പാപ്പ ഒരാളുടെ കൈകള്‍ മുത്തുന്നത് സാധാരണ കാഴ്ചയല്ല. എന്നാല്‍ മാര്‍പ്പായയുടെ കാല്‍തൊട്ട് വന്ദിച്ച ഫാ. ടോമിന്റെ കൈയില്‍ ചുംബിച്ചായിരിന്നു ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ സ്നേഹവും വാല്സല്യവും പ്രകടിപ്പിച്ചത്.
വത്തിക്കാനിലെ വികാര തീവ്രമായ കൂടിക്കാഴചയില്‍ മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസും സലേഷ്യന്‍ സഭാ പ്രതിനിധികളും ഫാ. ടോമിനെ അനുഗമിച്ചിരുന്നു. മസ്കറ്റില്‍ നിന്നും പ്രത്യേക വിമാനത്തില്‍ വത്തിക്കാനില്‍ എത്തിയ വൈദികനെ കേരളീയ രീതിയില്‍ പൊന്നാട അണിയിച്ചാണ് സഭാപ്രതിനിധികള്‍ സ്വീകരിച്ചത്. അദ്ദേഹത്തിന് കേരളീയ ശൈലിയിലുള്ള ഭക്ഷണവും ഒരുക്കിയിരുന്നു.
വത്തിക്കാനില്‍ എത്തിയ ഉടന്‍ തന്നെ ചാപ്പലില്‍ ചെന്ന് പ്രാര്‍ത്ഥിക്കാനും കുര്‍ബാന അര്‍പ്പിക്കാനുമുള്ള താത്പര്യം അദ്ദേഹം പ്രകടിപ്പിച്ചെങ്കിലും ചികിത്സയ്ക്കും പരിശോധനകള്‍ക്കും വിധേയനാവേണ്ടിയിരുന്നതിനാല്‍ അത് അനുവദിച്ചില്ല. എന്നാല്‍ കുമ്പസാരിക്കണമെന്ന ആവശ്യം അനുവദിച്ചു.
മാര്‍പാപ്പയോട് അദ്ദേഹം പതിനെട്ടു മാസത്തെ തടവിനെക്കുറിച്ചു സംസാരിച്ചു. തട്ടിക്കൊണ്ടു പോയശേഷം മൂന്ന് തവണ തീവ്രവാദികള്‍ താവളം മാറ്റിയെന്നും തടവില്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തില്‍ ഒരിക്കല്‍പ്പോലും അവര്‍ മോശമായ പെരുമാറ്റം നടത്തിയില്ലെന്നും റോമില്‍ മാധ്യമങ്ങളോട് ഫാ. ഉഴുന്നാലില്‍ പറഞ്ഞു.
വത്തിക്കാനിലെ സലേഷ്യന്‍ സഭാകേന്ദ്രത്തിലാണ് ഫാദര്‍ ടോം ഇപ്പോഴുള്ളത്. അടുത്ത ദിവസം തന്നെ അദ്ദേഹം കേരളത്തിലേക്ക് എത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അദ്ദേഹം റോമില്‍ എത്തിയതറിഞ്ഞ് ഒട്ടേറെ പ്രമുഖര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തുന്നുണ്ട്.