നടി അക്രമിക്കപ്പെട്ട കേസ്: പ്രോസിക്യൂഷന്‍ നിലപാടില്‍ പോലീസിന് അതൃപ്തി, കുറ്റപത്രത്തെ ബാധിച്ചേയ്ക്കുമെന്നും പോലീസ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനം വന്ന സാഹചര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിലപാടില്‍ പോലീസിന് അതൃപ്തി.

അന്വേഷണം പൂര്‍ത്തീകരിക്കുന്നത് സംബന്ധിച്ച സമയപരിധി കോടതിയെ അറിയിച്ചതില്‍ വീഴ്ചപറ്റിയെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാടറിയിച്ചിരിക്കുന്നത്.

രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് ഡി.ജി.പി. ഇന്നലെ കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. അന്വേഷണം വൈകുന്നതില്‍ കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്ന് മറുപടിയായാണ് ഡി.ജി.പി. ഇക്കാര്യം കോടതിയില്‍ പറഞ്ഞത്.

അന്വേഷണ സംഘവുമായി ആലോചിക്കാതെയാണ് സമയപരിധി അറിയിച്ചതെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തീകരിക്കേണ്ടി വരുന്നത് കുറ്റപത്രത്തെ ബാധിക്കുമെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. അന്വേഷണ പുരോഗതി കൃത്യമായി കോടതിയെ അറിയിക്കുന്നതില്‍ പ്രോസിക്യൂഷന് വീഴ്ചയുണ്ടായെന്നും പോലീസ് കരുതുന്നുണ്ട്.