ജാമ്യാപേക്ഷയുമായി ദിലീപ് അങ്കമാലി കോടതിയില്‍; ഹര്‍ജി ശനിയാഴ്ച്ച പരിഗണിക്കും

അങ്കമാലി : നടിആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഗൂഢാലോചനക്കുറ്റം മാത്രമാണ് തനിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാന്‍ അന്വഷണ സംഘത്തിന് കഴിയാത്തതിനാല്‍ ജാമ്യത്തിന് അവകാശമുണ്ടെന്ന് കാണിച്ചാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

നേരത്തെ നല്‍കിയ രണ്ടു ജാമ്യ ഹര്‍ജികളും ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് വിചാരണക്കോടതിയില്‍ തന്നെ വീണ്ടും ജാമ്യാപേക്ഷ നല്‍കിയത്. ഹര്‍ജി മറ്റന്നാള്‍ പരിഗണിക്കും. ആക്രമിക്കപ്പെട്ട നടിയുടെ നഗ്‌ന ചിത്രം പകര്‍ത്തണമെന്നാവശ്യപ്പെട്ടത് മാത്രമാണ് തനിക്കെതിരെയുള്ള കുറ്റമെന്നും അന്വേഷണ സംഘം പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും, ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും അപേക്ഷയില്‍ പറയുന്നുണ്ട്.

നാദിര്‍ഷാ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോടതി 18 ലേയ്ക്ക് മാറ്റി വെച്ചിരിക്കുന്നതിനാല്‍ അതിനു ശേഷം ജാമ്യഹര്‍ജി നല്‍കിയാല്‍ മതിയെന്ന നിലപാടാണ് ദിലീപ് ആദ്യം കൈക്കൊണ്ടത്. നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച കോടതി, നാദിര്‍ഷായോട് വെള്ളിയാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. നാദിര്‍ഷയെ ചോദ്യംചെയ്ത ശേഷം 18ന് ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി എന്ത് നിലപാട് സ്വീകരിക്കും എന്നത് ദിലീപിന്റെ ജാമ്യാപേക്ഷയെ സ്വാധീനിക്കാനിടയുണ്ട്. ഇതിനാലാണ് ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കാതിരുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം.