ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തില്‍ വിവാദം കൊഴുക്കുമ്പോള്‍ കൂടിക്കാഴ്ച്ച നടത്താന്‍ ആഗ്രഹം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂ ഡല്‍ഹി: ഫാ. ടോം ഉഴുന്നാലില്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി താല്പര്യമറിയിച്ചു. കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) വക്താവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അതേസമയം ഫാ. ടോമിന്റെ മോചനവുമായി ബന്ധപ്പെട്ടു അവകാശ വാദങ്ങളും വിവാദങ്ങളും ഒരു വശത്ത് ശക്തിപ്പെട്ടിട്ടുണ്ട്. എന്നാണു ഫാ. ടോം ഇന്ത്യയില്‍ എത്തുക എന്നത് നിശ്ചയമില്ല. രണ്ടാഴ്ചക്ക് ശേഷം ഫാ. ഉഴുന്നാലില്‍ ഇന്ത്യയില്‍ എത്തുമെന്നാണ് സൂചന.
ഫാ. ഉഴുന്നാലിലിന്റെ മോചനക്കാര്യത്തില്‍ അവസാന നിമിഷം നിര്‍ണായകമായത് വത്തിക്കാന്റെ ഇടപെടല്‍ തന്നെയാണെന്ന് സി.ബി.സി.ഐയും വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരും മോചനത്തിനായി വലിയ ശ്രമം നടത്തിയിട്ടുണ്ട്. ആരൊക്കെ സംഭവത്തില്‍ പങ്കുവഹിച്ചു എന്നത് അനാവശ്യവിവാദമാണെന്നും വത്തിക്കാന്റെ പങ്ക് കേന്ദ്രം അംഗീകരിക്കാത്തത് വിവാദമാക്കാനില്ലെന്നും സി.ബി.സി.ഐ വക്താവ് പറഞ്ഞു.