ഫിഫ റാങ്കിങ്ങില്‍ ഇന്ത്യക്കു വന്‍ തിരിച്ചടി; പുതിയ റാങ്കിങ്ങില്‍ 100-ലും താഴെ

ഫിഫയുടെ പുതിയ റാങ്കിംഗില്‍ ഇന്ത്യയ്ക്ക് വന്‍തിരിച്ചടി. നിലവില്‍ 97 -ആം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇന്ത്യ ഇത്തവണ 10 സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് 107 ആം സ്ഥാനത്തെത്തി. ജൂലൈയില്‍ 21 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച റാങ്കിംഗ് നേടിയാണ് ഇന്ത്യ 96-ആം സ്ഥാനത്തെത്തിയത്.കഴിഞ്ഞ നാലുമാസത്തിനിടെ ആദ്യമായാണ് ഇന്ത്യ 100 റാങ്കിന് പുറത്തുപോകുന്നത്. പുതിയ റാങ്കിങ് പ്രകാരം ഏഷ്യയില്‍ ഇന്ത്യ പതിമൂന്നാം സ്ഥാനത്താണ്.

ലോക ഫുടബോളില്‍ അവകാശപ്പെടാന്‍ തക്ക നേട്ടമൊന്നും ഇതുവരെ ഇന്ത്യ സ്വന്തമാക്കിയിട്ടില്ലെങ്കിലും, 1996 ല്‍ നേടിയ 94 -ആം സ്ഥാനമാണ് ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന റാങ്കിംഗ്. മെയ് നാലിന് 331 പോയിന്റുമായി 100- ആം സ്ഥാനത്തായിരുന്നു ഇന്ത്യ. തുടര്‍ന്ന് ജൂലൈയില്‍ 96 ആം സ്ഥാനത്തെത്തിയെങ്കിലും ഓഗസ്റ്റ് മാസത്തെ റാങ്കിംഗില്‍ 97 ലേക്ക് വീണു.

അതേസമയം ലോക ചാമ്പ്യന്മാരായ ജര്‍മനി ബ്രസീലില്‍ നിന്നും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ചെക്ക് റിപ്പബ്ലിക്, കൊളംബിയ ടീമുകള്‍ക്കെതിരെ നേടിയ വിജയമാണ് ജര്‍മനിക്ക് ഒന്നാം സ്ഥാനത്തെത്താന്‍ സഹായകമായത്. എന്നാല്‍ കൊളംബിയയോട് സമനില വഴങ്ങിയതാണ് ബ്രസീലിന് തിരിച്ചടിയായത്. യൂറോകപ്പ് ചാമ്പ്യാന്മാരായ പോര്‍ച്ചുഗല്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അര്‍ജന്റീനയെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തി.