കടകംപള്ളീ… ഇത് ‘കടക’വിരുദ്ധം.. ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ എതിര്‍ശബ്ദം
ശ്രീകൃഷ്ണ ജയന്തി ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൊഴുകുകയും വഴിപാട് കഴിക്കുകയും ചെയ്ത ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നടപടിയില്‍ സിപിഎം സംസ്ഥാന നേതൃത്വത്തില്‍ നിന്ന് തന്നെ വമര്‍ശനം. പാര്‍ട്ടിയുടെ ഉന്നത നേതൃത്വങ്ങളിലുള്ളവര്‍ മത, ദൈവ വിശ്വാസ പ്രകടനങ്ങളില്‍ നിന്നും മതാചാരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നുമുള്ള സി.പി.എമ്മിന്റെ നിലപാടിന് വിരുദ്ധമാണ് കടകംപള്ളിയുടെ നടപടിയെന്നാണ് വിലയിരുത്തുന്നത്.
തിരുവനന്തപുരം ഇ.എം.എസ് .അക്കാഡമിയില്‍ ഇന്ന് നടന്ന പരിപാടിയില്‍ സംസാരിക്കവെ കടകംപള്ളിയുടെ നടപടി തെറ്റാണെും വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റേതായ സമീപനമാണ് വേണ്ടതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ഗോവിന്ദന് തുറന്നടിച്ചു. തന്റെ നടപടിയെ കടകംപള്ളി ന്യായീകരിച്ചെങ്കിലും സംസ്ഥാന സെക്രട്ടറിയേറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്യാനിരിക്കുകയാണ്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയ മന്ത്രി ആദ്യം കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലി നടത്തി. പിന്നെ, കാണിക്കയിട്ട് തൊഴുതു. കൈവശമുണ്ടായിരുന്ന ബാക്കി തുക അന്നദാനത്തിനും നല്‍കിയിരുന്നു.