ഉപന്യാസ മത്സരത്തില്‍ അപൂര്‍വ ചൗഹാന് നാഷണല്‍ അവാര്‍ഡ്

പി.പി.ചെറിയാന്‍

ലൊസാഞ്ചല്‍സ്: ദേശീയാടിസ്ഥാനത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസമത്സരത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി അപൂര്‍വ ചൗഹാന് (17) നാഷനല്‍ അവാര്‍ഡ്. പത്താം വയസില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട് പിതൃസഹോദരന്റെ വീട്ടില്‍ താമസമാക്കിയ അപൂര്‍വയുടെ ജീവിതത്തില്‍ മിഡില്‍ സ്‌കൂള്‍ പൂര്‍ത്തിയാക്കുന്നതു വരെ അനുഭവിക്കേണ്ടി വന്ന അനുഭവങ്ങളുടെ സമാഹാരമായിരുന്നു ഈ കത്തുകളിലൂടെ ഇവര്‍ വെളിപ്പെടുത്തിയത്.

മാതാപിതാക്കള്‍ മരിക്കുമ്പോള്‍ പത്തു വയസുള്ള അപൂര്‍വയും 18 വയസുള്ള സഹോദരിയും നോര്‍ത്ത് ലാസ്വേഗസിലുള്ള ദേവേന്ദ്രസിങ്ങിന്റെ കുടുംബത്തിലെ അംഗങ്ങളായാണ് കഴിഞ്ഞിരുന്നത്.പുസ്തകശാലയില്‍ പോയി വായിക്കുക എന്നത് ഒരു ഹോബിയായിരുന്നു. ഇതിനിടയില്‍ സുഹൃത്ത് നല്‍കിയ ദ് പെര്‍ക്ക്സ് ഓഫ് ബീയിങ് എ വാള്‍ ഫ്ളവര്‍ എന്ന സ്റ്റീഫന്‍ ചബൊസ്‌ക്കിയുടെ പുസ്തകമാണ് അവാര്‍ഡിനര്‍ഹമായ കത്തെഴുതാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ഇവര്‍ പറയുന്നു.

15 വയസുകാരനായ ചാര്‍ലി തന്റെ പ്രിയപ്പെട്ടവരുടെ മരണത്തെ തുടര്‍ന്നു ജീവിതത്തിലുണ്ടായ അനുഭവങ്ങളാണ് അതില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ വിജയിച്ച അപൂര്‍വയ്ക്ക് 1000 ഡോളര്‍ ആണു സമ്മാനത്തുക ആയി ലഭിച്ചത്.