2019-ല്‍ മോദിക്കെതിരേ മത്സരിക്കാന്‍ തയാറാണെന്നുരാഹുല്‍ ഗാന്ധി

പി.പി. ചെറിയാന്‍

ബെര്‍ക്കലി: 2019-ല്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ മത്സരിക്കാന്‍ തയാറാണെന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പറഞ്ഞു.

രണ്ടാഴ്ചത്തെ അമേരിക്കന്‍ പര്യടനത്തിനായി എത്തിയ രാഹുല്‍ ഗാന്ധി സെപ്റ്റംബര്‍ 11-ന് ബെര്‍ക്കലി യൂണിവേഴ്സിറ്റിയില്‍ ‘ഇന്ത്യ അറ്റ് 70; റിഫ്ളക്ഷന്‍സ് ഓണ്‍ ദി പാത്ത് ഫോര്‍വേഡ്’ എന്ന വിഷയത്തെ അധികരിച്ച പ്രസംഗത്തിനിടെയാണ് മോദിക്കെതിരേ മത്സരിക്കാന്‍ തയാറാണെന്നു പരസ്യമായി പ്രഖ്യാപിച്ചത്.

1949-ല്‍ ജവഹര്‍ലാല്‍ നെഹ്റു കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി ബെര്‍ക്കലിയില്‍ നടത്തിയ പ്രസംഗത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു രാഹുലിന്റെ പ്രസംഗം.

2014-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയില്‍ നിന്നും കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടി വന്ന കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണെന്ന് രാഹുല്‍ പറഞ്ഞു. ദളിതര്‍ക്കെതിരെ, ജേര്‍ണലിസ്റ്റ് ഗൗരി ലങ്കേഷിനെതിരേ നടത്തിയ അക്രമങ്ങള്‍ ഇന്ത്യയെ എവിടേക്കാണ് നയിക്കുന്നതെന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് രാഹുല്‍ മുന്നറിയിപ്പ് നല്‍കി. മോദി ഗവണ്‍മെന്റിന്റെ സമീപനം ജമ്മുകാഷ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ ആളിപ്പടര്‍ത്താന്‍ ഇടയാക്കിയതായി അദ്ദേഹം കുറ്റപ്പെടുത്തി. ഒമ്പതു വര്‍ഷംകൊണ്ട് കോണ്‍ഗ്രസ് ജമ്മുകാഷ്മീരില്‍ നേടിയെടുത്തത് മോദിയുടെ ഭരണം ആരംഭിച്ച് 30 ദിവസത്തിനകം ഇല്ലായ്മ ചെയ്തതായി രാഹുല്‍ പറഞ്ഞു. കറന്‍സി പിന്‍വലിച്ചതിനെ നിശിതഭാഷയില്‍ വിമര്‍ശിക്കുന്നതിനും രാഹുല്‍ തയാറായി.