തന്റെ റേഷന്‍ കാര്‍ഡില്‍ സിനിമ താരം കാജല്‍ അഗര്‍വാളിന്റെ ഫോട്ടോ കണ്ട് വീട്ടമ്മ ഞെട്ടി;സരോജയുടെ റേഷന്‍ കാര്‍ഡിനിപ്പോള്‍ താര പരിവേഷം
ചെന്നൈ: റേഷന്‍ കാര്‍ഡില്‍ ഫോട്ടോ അച്ചടിച്ച് വരുന്നത് ഏത് രൂപത്തില്‍ ആയിരിക്കും എന്ന് പറയാതെ തന്നെ അറിയാമല്ലോ. റേഷന്‍ കാര്‍ഡില്‍ വരുന്ന സ്വന്തം ഫോട്ടോ നോക്കി എത്രപേര്‍ തലതല്ലി ചിരിച്ചു കാണും. ചിലര്‍ക്ക് അടങ്ങാത്ത ദേഷ്യമുണ്ടാകും, ഹും… കാണാന്‍ നല്ല സുന്ദരിയായ എന്റെ ഫോട്ടോ ഇരിക്കുന്നത് കണ്ടില്ലേ എന്നാവും ചിലര്‍ ചിന്തിക്കുക.
പക്ഷെ സേലം കമല്‍പുരത്തെ അറുപത്തിനാലുകാരി സരോജയുടെ റേഷന്‍ കാര്‍ഡ് കണ്ടാല്‍ ആര്‍ക്കായാലും ചെറിയൊരു അസൂയ തോന്നും. കാരണം സരോജയുടെ ഫോട്ടോക്ക് പകരം റേഷന്‍ കാര്‍ഡിലുള്ളത് താര സുന്ദരി കാജല്‍ അഗര്‍ വാളിന്റെ ഫോട്ടോയാണ്.
തമിഴ്‌നാട് സര്‍ക്കാരിന്റെ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്താനുള്ള ഫോട്ടേയെടുക്കാന്‍ പോയപ്പോള്‍ അണിഞ്ഞൊരുങ്ങി അത്യാവശ്യം നല്ല സുന്ദരിയൊക്കെയായാണ് സരോജ പോയത്. കാത്തിരിപ്പിനൊടുവില്‍ ലഭിച്ച സ്മാര്‍ട്ട് റേഷന്‍ കാര്‍ഡിലെ ഫോട്ടോ കണ്ട് സരോജ അത്ഭുതപ്പെട്ടെന്നു മാത്രമല്ല, ആകെ പകച്ചുപോയി.തന്റെ ഫോട്ടോക്ക് പകരം കാര്‍ഡിലുള്ളത് കാജല്‍ അഗര്‍വാളിന്റെ ഫോട്ടോ. ഇനി കാജലിന്റെ റേഷന്‍ കാര്‍ഡാണോ തനിക്കു കിട്ടിയത്. വിവരങ്ങള്‍ നോക്കിയപ്പോള്‍ എല്ലാം താന്‍ നല്‍കിയവ തന്നെയാണ്. പിന്നെ സരോജ തന്റെ റേഷന്‍ കാര്‍ഡ് എല്ലാവരെയും കാണിച്ചു. അങ്ങനെ സരോജയുടെ റേഷന്‍ കാര്‍ഡ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണിപ്പോള്‍. സരോജയുടെ റേഷന്‍ കാര്‍ഡിപ്പോള്‍ താര പരിവേഷത്തിന്റെ തിളക്കത്തിലാണ്.
തമിഴ്‌നാട് സര്‍ക്കാരിന്റെ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡില്‍ ഇത്തരം പിഴവുകള്‍ വരുന്നത് ഇപ്പോള്‍ സാധാരണമയിരിക്കുകയാണ്. ഇത്തരത്തില്‍ ചിത്രം മാറി ലഭിച്ചവര്‍ ഏറെയാണ്. ഏറ്റവും കൂടുതല്‍ പരാതികള്‍ ഉയര്‍ന്നിരിക്കുന്നത് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയുടെ സ്വന്തം ജില്ലയായ സേലത്തു നിന്നാണ്.