ശ്രീനിവാസ കുച്ചിബോട്ലയുടെ വിധവ തിരിച്ചയയ്ക്കല്‍ ഭീഷണിയില്‍

പി.പി.ചെറിയാന്‍

കന്‍സാസ്: വംശീയാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജനും ഏവിയേഷന്‍ എന്‍ജിനിയറുമായിരുന്ന ശ്രീനിവാസ് കുച്ച്ബോട്ലയുടെ ഭാര്യ സുനയാന ഡിപോര്‍ട്ടേഷന്‍ ഭീഷണിയില്‍. കന്‍സാസ് സിറ്റിക്ക് സമീപമുള്ള ഓസ്റ്റിന്‍സ് ബാര്‍ ആന്റ് ഗ്രില്ലില്‍ ആഡംപൂരില്‍ടണിലാണ് ശ്രീനിവാസിനെ വെടിവച്ചു കൊല്ലുകയും കൂടെയുണ്ടായിരുന്ന അലോക് മഡസാനി എന്ന സുഹൃത്തിനെ ഗുരുതമായി പരുക്കേല്‍പ്പിക്കുകയും ചെയ്തത്. ഇമിഗ്രേഷന്‍ സ്റ്റാറ്റ്സ് ചോദിച്ചായിരുന്നു ആഡം ഇവര്‍ക്കു നേരെ നിറയൊഴിച്ചത്.

10 വര്‍ഷം മുന്‍പാണ് സുനയാന അമേരിക്കയില്‍ എത്തിയത്. ഭര്‍ത്താവ് വധിക്കപ്പെടും മുന്‍പ് ഇരുവരും ഗ്രീന്‍കാര്‍ഡ് ലഭിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഭര്‍ത്താവ് മരിച്ചതോടെ ഇവര്‍ വീണ്ടും പുതിയ അപേക്ഷ സമര്‍പ്പിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഭര്‍ത്താവിന്റെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്കു പുറപ്പെട്ട ഇവര്‍ക്ക് തിരിച്ച് അമേരിക്കയിലേക്കു വരാന്‍ സാധിക്കുമോ എന്ന ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ കെവിന്‍ യോഡര്‍ എന്ന യുഎസ് പ്രതിനിധി ഇടപെട്ടതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തെ താല്‍ക്കാലിക വീസ അനുവദിച്ചിരുന്നു.

വംശീയ വിദ്വേഷത്തിനിരയായി ഫെബ്രുവരി 22ന് ശ്രീനിവാസ് എനിക്ക് നഷ്ടപ്പെട്ടപ്പോള്‍ എന്റെ ഇമിഗ്രേഷന്‍ സ്റ്റാറ്റസും നഷ്ടപ്പെടുകയായിരുന്നു.സുനയായ പറഞ്ഞു. ട്രംപിന്റെ ഇമിഗ്രേഷന്‍ നയം കാര്യക്ഷമമായി നടപ്പാക്കി തുടങ്ങിയാല്‍ തന്റെ ഭാവി എന്നായി തീരുമെന്ന ആശങ്കയിലാണ് ഇവര്‍. കെവിന്‍ ആവശ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുള്ളതാണ് ആശ്വാസമെന്നും ഇവര്‍ പറഞ്ഞു.