മതപരമായ പ്രശ്‌നമല്ല മാനുഷിക പ്രശ്‌നമാണ്; കുട്ടിയെ ആലിലയില്‍ കെട്ടിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി
ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ നടന്ന ശോഭായാത്രയുടെ പേരുപറഞ്ഞ് മൂന്ന് വയസ്സ് മാത്രം പ്രായം വരുന്ന കുഞ്ഞിനെ മണിക്കൂറുകളോളം ടാബ്ലോ സെറ്റില്‍ കെട്ടിയിട്ട സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം ധനീഷ് ലാല്‍.
സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുക്കുവാന്‍ സംസ്ഥാന ബാലാവകാശ കമീഷന്‍ തയ്യാറാവണമെന്നും ഇത്തരം രീതികള്‍ ശ്രീകൃഷ്ണ ജയന്തിയായാലും സാംസ്‌കാരിക ഘോഷയാത്രയിലായാലും നിരോധിക്കപെടേണ്ടതാണെന്നും അദ്ദേഹം തന്റെ കുറിപ്പില്‍ പറയുന്നു.
ഇത് മതപരമായ പ്രശ്‌നമല്ല മാനുഷിക പ്രശ്‌നമാണ്. മതവികാരം ഇളകി വരുമെന്ന് പേടിച്ച് മൗനം പാലിക്കുന്നവരോട് ഒരു ലോഡ് പുച്ചം എന്നു പറഞ്ഞാണ് ധനീഷ്‌ലാല്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പയ്യന്നൂരില്‍ നടന്ന ശോഭായാത്രയിലാണ് മനുഷ്യത്വത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള സംഭവം നടന്നത്. ആലിലയിലുറങ്ങുന്ന കൃഷ്ണന്റെ ്രരൂപം സൃഷ്ടിക്കാന്‍ ആലിലയുടെ രൂപത്തിലുണ്ടാക്കിയ ചെരിഞ്ഞ പ്ലാറ്റ്‌ഫോമില്‍ ശ്രീകൃഷ്ണ വേഷം ധരിച്ച മുന്ന് വയസ്സോളം പ്രായമുള്ള കുഞ്ഞിനെ കെട്ടിയിടുകയായിരുന്നു.
ഉച്ചയ്ക്ക് പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ആരംഭിച്ച വിവേകാനന്ദ സേവാ സമിതിയുടെ നേതൃത്വത്തിലാണ് ഘോഷയാത്ര ആരംഭിച്ചത്. നല്ല വെയില്‍ ഉണ്ടായിരുന്ന സമയം ആയതിനാല്‍ തന്നെ ഈ കുട്ടി അതുമുഴുവന്‍ സഹിച്ചാണ് വാഹനത്തില്‍ ഇരുന്നത്.
കുട്ടിയുടെ അരഭാഗം ഇലയില്‍ കെട്ടിവച്ചിരിക്കുന്ന അവസ്ഥയിലായിരുന്നു. ചൈല്‍ഡ് ലൈന്‍ നമ്പരായ 1098ല്‍ വിളിച്ചു ഇതേക്കുറിച്ച് പറയുകയും ചെയ്തു. എന്നാല്‍ കുട്ടിയ്ക്ക് പരാതിയുണ്ടോ? രക്ഷിതാവിന് പരാതിയുണ്ടോ? അനുമതി വാങ്ങിയാണ് അവര്‍ പരിപാടി നടത്തുന്നത് എന്നിങ്ങനെയുള്ള മറുപടികളാണ് പരാതിക്കാരന് ലഭിച്ചിരുന്നത്.
എഫ്ബി പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ശ്രീ കൃഷ്ണ ജയന്തി ശോഭയാത്രയില്‍ 3 വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയെ വലിയ അപകടം ഉണ്ടാകും വിധം ശോഭ യാത്രയില്‍ അണിനിരത്തിയായി വാര്‍ത്തകള്‍ വായിക്കാന്‍ സാധിച്ചു ഇത് ശരിയാണങ്കില്‍ സംഘാടകര്‍ക്കെതിരെ കേസെടുക്കുവാന്‍ സംസ്ഥാന ബാലാവകാശ കമീഷന്‍ തയ്യാറാവണം. ഇത്തരം രീതികള്‍ ശ്രീകൃഷ്ണ ജയന്തിയായാലും സാംസ്‌കാരിക ഘോഷയാത്രയിലായാലും നിരോധിക്കപെടേണ്ടതാണ് ഇത് മതപരമായ പ്രശ്‌നമല്ല മാനുഷിക പ്രശ്‌നമാണ് . മതവികാരം ഇളകി വരുമെന്ന് പേടിച്ച് മൗനം പാലിക്കുന്നവരോട് ഒരു ലോഡ് പുച്ചം.