ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്കും പുതിയ വാഹന രജിസ്ട്രേഷനും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഏകീകൃത തിരിച്ചറിയല്‍ സംവിധാനമായ ആധാറുമായി ബന്ധിപ്പിക്കാന്‍വേണ്ട നടപടികള്‍ ഉടനുണ്ടാവുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ച് വരികയാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. ആധാര്‍ കാര്‍ഡുമായി ഡ്രൈവിംഗ് ലൈസന്‍സ് ലിങ്ക് ചെയ്യാന്‍ നിയമ മന്ത്രാലയം ആലോചിക്കുകയാണ്. ഇക്കാര്യം ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’ഡിജിറ്റല്‍ ഹരിയാന’ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണാ ഡ്രൈവിങ് ലൈസന്‍സുമായി ആധാര്‍ ബന്ധിപ്പിക്കുന്ന നടപടികളെക്കുറിച്ച് മന്ത്രി വിശദീകരിച്ചത്.
പാന്‍കാര്‍ഡു മുതല്‍ മൊബൈല്‍ നമ്പര്‍ വരെ ആധാറുമായി ബന്ധപ്പെടുത്തുക എന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണ് ഈ നീക്കവും. അടുത്ത മാസത്തോട് കൂടി ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്കും പുതിയ വാഹന രജിസ്ട്രേഷനും ആധാര്‍ നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നിരവധി വ്യാജ ലൈസന്‍സുകള്‍ രാജ്യത്ത് അനുവദിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. കൂടാതെ റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവരെ എളുപ്പത്തില്‍ പിടികൂടാനും ഇത് വഴി സാധിക്കുമെന്നും മന്ത്രി വിശദീകരിച്ചു. കേന്ദ്ര ഗതാഗത വകുപ്പ് ഇതിന് വേണ്ട പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
നേരത്തെ പാന്‍ കാര്‍ഡിന് പുറമെ ബാങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍ നമ്പര്‍ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിച്ചിരുന്നു. മാത്രമല്ല വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുകയും ചെയ്യാന്‍ തുടങ്ങിയിരുന്നു. ആധാറുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കവെയാണ് പുതിയ നീക്കവുമായി കേന്ദ്രം വീണ്ടുമെത്തിയിരിക്കുന്നത്.