വീട് കയറിയുള്ള ആക്രമണം ; തിരുവനന്തപുരത്ത് കോണ്ഗ്രസ് നേതാവിന് ജനനേദ്രിയം നഷ്ടമായി

തിരുവനന്തപുരം മാറനല്ലൂരില്‍ കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി സജികുമാറി(47)നെയാണ് ആറംഗസംഘം വീട് കയറി ആക്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ പ്രവേശിച്ച അക്രമികള്‍ കമ്പി പാര ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ സജികുമാറിന്റെ കൈകാലുകള്‍ ഒടിഞ്ഞു. കൂടാതെ ജനനേദ്രിയം വെട്ടേറ്റു മുറിയുകയും ചെയ്തു. സജികുമാറിനെ കൂടാതെ വൃദ്ധരായ മാതാപിതാക്കള്‍ മാത്രമാണ് വീട്ടിലുള്ളത്. മാതാപിതാക്കളുടെ നിലവിളികേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴെയ്ക്ക് അക്രമികള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റ സജികുമാറിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.  പരിക്കുകള്‍  ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ജനനേന്ദ്രിയത്തില്‍ മാത്രം ആറ് തുന്നലുകളുണ്ട്. സംഭവത്തിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം നടത്താന്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. ഇന്നുമാത്രമാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്.സംഭവസ്ഥലത്ത് നിന്ന് അക്രമികള്‍ എത്തിയ രണ്ടു ആക്ട്ടീവ സ്കൂട്ടറുകള്‍ പോലീസ് പിടിച്ചെടുത്തു. അവിവാഹിതനായ സജികുമാര്‍ കെ എസ് ആര്‍ ടി സി കാട്ടാക്കട ഡിപ്പോയിലെ കണ്ടക്ടര്‍ ആണ്. എന്താണ് ആക്രമണത്തിന്റെ കാരണമെന്ന് വ്യക്തമായിട്ടില്ല എന്ന് പോലീസ് പറയുന്നു.ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ചു വരികയാണ്‌.