അണ്ടര്‍ 17 ലോകകപ്പ്: കലൂര്‍ സ്റ്റേഡിയത്തിനു മുന്നിലെ കടകള്‍ ഒഴിപ്പിക്കുന്നതിനെതിരെ ഹൈക്കോടതി

കൊച്ചി: ഇന്ത്യയില്‍ വച്ച് നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്കായി കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ കടകള്‍ ഒഴിപ്പിക്കുന്നതിനെതിരെ ഹൈക്കോടതി. കടകള്‍ ഒഴിപ്പിച്ചാല്‍ വ്യാപാരികള്‍ക്ക് ആര് നഷ്ടപരിഹാരം നല്‍കുമെന്ന് ജി.സി.ഡി.എയോട് ഹൈക്കോടതി ചോദിച്ചു. പൗരന്‍മാരുടെ ജീവിക്കാനുള്ള അവകാശം പരിഗണിക്കണമെന്നും കോടതി പറഞ്ഞു.

ലോകകപ്പിനുള്ള സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഫിഫയുടെ നിര്‍ദേശ പ്രകാരമാണ് ജി.സി.ഡി.എ കലൂര്‍ സ്റ്റേഡിയം കോംപ്ലക്സിലെ കടകള്‍ താത്ക്കാലികാമായി പൂട്ടിയിടാന്‍ ആവശ്യപ്പെട്ടത്. ഇതിനെതിരെ ഒരു വിഭാഗം കടയുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

ഇന്നു മുതല്‍ മത്സരങ്ങള്‍ അവസാനിക്കുന്നത് വരെ കടകള്‍ അടച്ചിടമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ കടകള്‍ അടച്ചിടാതെ ഒരു വിഭാഗം കടയുടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി എന്തെല്ലാം നടപടികള്‍ എടുത്തുവെന്നും കോടതി ചോദിച്ചു. നാളെ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.