ശീതികരണ യന്ത്ര തകരാര്‍: നഴ്സിങ് ഹോമില്‍ മരിച്ചത് 8 അന്തേവാസികള്‍

പി.പി. ചെറിയാന്‍

ഫ്ളോറിഡ: ഫ്ലോറിഡായില്‍ വീശിയടിച്ച ഇര്‍മ ചുഴലിയില്‍ വൈദ്യുതി നഷ്ടപ്പെടുകയും ശീതികരണ യന്ത്രം നിലയ്ക്കുകയും ചെയ്തതിനെ തുടര്‍ന്ന് താപനില ഉയര്‍ന്ന് ചൂട് സഹിക്കാനാകാതെ നഴ്സിങ് ഹോമിലെ എട്ട് അന്തേവാസികള്‍ മരിച്ചതായി ബ്രൊ വാര്‍ഡ് കൗണ്ടി മേയര്‍ ബാര്‍ബറെ ഷറിഫ് വെളിപ്പെടുത്തി. മരിച്ചവര്‍ 71 നും 99 വയസ്സിനുമിടയിലുള്ളവരാണ്.

ഹോളിവുഡ് ഹില്‍സിലെ റിഹാബിലിറ്റേഷന്‍ സെന്ററിലെ 115 അന്തേവാസികളില്‍ മരിച്ച എട്ടു പേരില്‍ മൂന്നു പേര്‍ നഴ്സിങ് ഹോമില്‍ വെച്ചും 5 പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

ചുഴലിക്കാറ്റില്‍ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടിരുന്നില്ലെങ്കിലും ശീതികരണ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്ന ട്രാന്‍സ്ഫോമറിനാണ് തകരാര്‍ സംഭവിച്ചതെന്ന് അഡ്മിനിസ്ട്രേറ്റര്‍ ജോര്‍ജ് കാര്‍ബെല്ലൊ പറഞ്ഞു.

നഴ്സിങ് ഹോമിലെ സ്ഥിതിവിശേഷം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നെന്നും മൊബൈല്‍ കൂളിങ് യൂണിറ്റുകളും ഫാനും ഉപയോഗിച്ച് നഴ്സിങ് ഹോം തണുപ്പിക്കാന്‍ ശ്രമിച്ചതായും ജോര്‍ജ് പറഞ്ഞു.ഇവിടെ നടന്ന സംഭവത്തില്‍ ക്രിമിനല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ശീതികരണ യന്ത്രം നിലച്ചതോടെ താപനില നൂറു ഡിഗ്രി വരെ ഉയര്‍ന്നതാണ് മരണകാരണമെന്ന് പറയുന്നു.

ആധുനിക സൗകര്യങ്ങളുള്ള അമേരിക്കയില്‍ ഇത്തരം സംഭവങ്ങള്‍ അത്യപൂര്‍വ്വമാണ്. ഇന്ത്യയില്‍ ഓക്സിജന്‍ ലഭിക്കാതെ നിരവധി കുഞ്ഞുങ്ങള്‍ മരിക്കാനിടയായ സംഭവം ഇതുമായി തുലനം ചെയ്യാനാകില്ല.