എച്ച്‌ഐവി കുരുക്കിലകപ്പെടുന്ന പിഞ്ചു ബാല്യങ്ങള്‍; അതെ ഞാനും നിങ്ങളുമാണ് ഉത്തരവാദി

ഈ വര്‍ഷം ആദ്യമാണ് അവളെ രക്താര്‍ബുദത്തിനു ചികിത്സയ്ക്കായെത്തിച്ചിരുന്നത്. ഒരുപക്ഷെ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നേനെ അവള്‍.  ഇനി അത് ……        അതെ ഞാനും നിങ്ങളുമാണ് ഉത്തരവാദികള്‍.. ഈ സമൂഹമാണ് ഉത്തരവാദി…     ഒഴിഞ്ഞു മാറാനാവില്ല ആര്‍ക്കും.

നമ്മള്‍ എല്ലാത്തിലും ഒന്നാം സ്ഥാനത്താണ്. കേരളം നമ്പര്‍ വണ്‍. ആരോഗ്യം വിദ്യാഭ്യാസം തുടങ്ങി എല്ലാത്തിലും. അത് പരസ്യവാചകങ്ങളില്‍ മാത്രം ഒതുങ്ങുന്നുവോ എന്ന സംശയത്തിന് ആക്കം കൂട്ടുന്ന സംഭവ വികാസങ്ങളാണ് കഴിഞ്ഞ കുറച്ചു നാളുകളായി നമ്മള്‍ കേട്ടു കൊണ്ടിരിക്കുന്നത്.

ഇന്നലെ തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന ഒമ്പതു വയസുകാരിക്ക് എച്ച്.ഐ.വി പോസിറ്റീവ് സ്ഥിരീകരിച്ച സംഭവവും നാളുകള്‍ക്ക് മുമ്പ് മുരുകന്‍ എന്ന തമിഴ്‌നാട് സ്വദേശിക്ക് ചികിത്സ നിഷേധിക്കപ്പെട്ട് മരണമടഞ്ഞതും എല്ലാം ഇതില്‍ പുറം ലോകമറിഞ്ഞ ചിലത് മാത്രം.

ഇന്നലെ എച്ച് .ഐ.വി. സ്ഥിരീകരിക്കപ്പെട്ട കുട്ടിയുടെ കാര്യത്തില്‍ വിദഗ്ധസംഘം ആന്വേഷണം ആരംഭിച്ചു. ആര്‍.സി.സിയില്‍ നിന്നും രക്തം സ്വീകരിച്ചതു വഴിയാണ് കുട്ടി എച്ച്.ഐ.വി. ബാധിതയായി എന്ന സത്യം മാതാപിതാക്കളും പുറം ലേകവും അറിയുന്നത്. തുടര്‍ന്ന് ഇവരുടെ പരാതിയില്‍ പോലീസും അന്വേഷണം ആരംഭിച്ചു.

നേരത്തെ മാതാപിതാക്കള്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വിദഗ്ധസംഘത്തെ കൊണ്ട് അന്വേഷണം നടത്താന്‍ മന്ത്രി ഉത്തരവിട്ടത്. കുട്ടിയുടെ തുടര്‍ ചികിത്സയ്ക്കായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ വഹിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

ഇത് ആദ്യമല്ല..

2005ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സമാനമായ ഒരു കേസ് നടന്നിരുന്നു. മെഡിക്കല്‍ കോളേജിലെ രക്തബാങ്കില്‍ നിന്നും രക്തം സ്വീകരിച്ച 15 മാസം പ്രായമായ കുഞ്ഞിനാണ് എച്ച്.ഐ.വി. അന്നു സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഈ കുഞ്ഞ് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ മരണമടയുകയും ചെയ്തു. 2013 ല്‍ വയനാട്ടില്‍ നിന്നായിരുന്നു ഇതുപോലെ മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവിടെ എട്ടുവയസുകാരിക്കാണ് എച്ച്.ഐ.വി. ബാധിച്ചത്. തലാസീമിയ രോഗത്തിനു ചികിത്സ തേടിയ കുട്ടിക്കാണ് എച്ച്.ഐ.വി. അന്നു സ്ഥിരീകരിച്ചത്. ഈ കുട്ടിയുടെ മാതാപിതാക്കളുടെ രക്തം പരിശോധിച്ചതില്‍ ഇരുവരും എച്ച്.ഐ.വി ബാധിതരല്ലെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. മാനന്തവാടി ജില്ല ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും കുട്ടി രക്തം സ്വീകരിച്ചിരുന്നു. ഇതുവഴിയാണ് കുട്ടിയില്‍ എച്ച്.ഐ.വി. ബാധിച്ചതെന്നു പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.

എവിടെയാണ് പിഴയ്ക്കുന്നത്…

എത്രത്തോളം പുരോഗതി നേടി എന്ന് അവകാശപ്പെടുമ്പോഴും നമ്മള്‍ ഇപ്പോഴും നില്‍ക്കുന്നത് പ്രാകൃത അവസ്ഥയില്‍ തന്നെയാണെന്നതിന്റെ തെളിവാണീ സംഭവങ്ങള്‍. ലോകോത്തര നിലവാരമുള്ള ആതുരാലയങ്ങള്‍ നമുക്കുണ്ടായിട്ടും ഇത്തരം അബദ്ധങ്ങള്‍ തിരിച്ചറിയാന്‍ നമുക്ക് സാധിക്കുന്നില്ല.

അല്ലെങ്കില്‍ നമ്മല്‍ ശ്രദ്ധിക്കുന്നില്ല. അതിനുള്ള മകുടോദാഹരണമാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന വാര്‍ത്തകള്‍. ഇന്ന് മലയാളി കണ്ട മറ്റൊരു വാര്‍ത്ത,ഹീമോ ഫീലിയക്ക് നല്‍കാനായി എത്തിച്ച മരുന്നുകളിലേറെയും ഉപയോഗ യോഗ്യമല്ലാത്തവയാണ് എന്നതായിരുന്നു.

ആരാണ് ഇതിന് ഉത്തരവാദികള്‍ ?  മറ്റ് രോഗങ്ങള്‍ കൊണ്ട്‌ പൊറുതിമുട്ടി ജീവന്‍ നിലനിര്‍ത്താനായി ഉള്ളതെല്ലാം വിറ്റു പെറുക്കി ആതുരാലയങ്ങളില്‍ എത്തുന്നവര്‍ അറിയുന്നുണ്ടോ തന്നെക്കാത്തിരിക്കുന്നത് മാരക രോഗങ്ങളാണെന്ന്. ഇല്ല എന്നുമാത്രമല്ല അറിയാതെ ആ ചതിക്കുഴിയിലേയ്ക്ക് നാമടങ്ങുന്ന സമൂഹം അവരെ തള്ളി വിടുക കൂടിയാണ് ചെയ്യുന്നത്. സാക്ഷരതയില്‍ ഒന്നാമതുള്ള കേരളത്തിലാണ് ഇതൊക്കെ സംഭവിക്കുന്നത്. ആരോഗ്യ രംഗത്ത് ഒന്നാമതുള്ള കേരളത്തിലാണ് ഇതൊക്കെ സംഭവിക്കുന്നത്.

ആരാണ് ഉത്തരവാദികള്‍…

ഉത്തരവാദികള്‍ നാം ഓരോരുത്തരും തന്നെയാണ്. കാരണം അധികാരികള്‍ എന്ന് നമ്മള്‍ ഭയഭക്തി ബഹുമാനത്തോടെ വിളിക്കുന്ന, പൊതുജനത്തിന്റെ സമ്പത്തിന്റെ വിഹിതം പറ്റി സേവനത്തിനിറങ്ങിയ, എന്നാല്‍ അത് നിര്‍വ്വഹിക്കാതെ ശീതീകരിച്ച അറകളില്‍ സ്വന്തം കാര്യം നോക്കി കഴിയുന്നവരെ തിരിച്ചറിയാന്‍ നമുക്ക് പറ്റാതെ പോകുന്നു. അതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാനായി വോട്ടു നല്‍കി നമ്മള്‍ പറഞ്ഞയച്ച നേതാക്കള്‍ കാര്യക്ഷമതയില്ലാത്തവരാണെന്ന് നമ്മള്‍ തിരിച്ചറിയുന്നു. എന്നിട്ടും നിസ്സഹായരായി നേക്കി നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട, കേരളത്തിലെ പരിഷ്‌കൃത സമൂഹത്തില്‍ ഞാനും നിങ്ങളും ഒക്കെ ഉള്‍പ്പെടുന്നു എന്നതാണ് സത്യം.

റിപ്പോര്‍ട്ട്: കെ ദീപക്