വീണ്ടും ഐഎസ് ആക്രമണം; 75 പേര്‍ കൊല്ലപ്പെട്ടു

ഇറാഖി നഗരമായ നസ്‌റിയയില്‍ രണ്ട് തവണയുണ്ടായ ഐഎസ് ആക്രമണത്തില്‍ 75 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. അതുകൊണ്ട് തന്നെ മരണ നിരക്ക് ഇനിയും വര്‍ധിക്കും എന്നാണു വിവരങ്ങള്‍. സൈനികവേഷത്തിലെത്തിയ ഭീകരര്‍ നസ്‌റിയയിലെ റെസ്റ്റോറന്റില്‍ അതിക്രമിച്ചുകയറി അവിടെയുണ്ടായിരുന്നവര്‍ക്കുനേര്‍ക്ക് വെടിയുതിര്‍ക്കുകയും സ്‌ഫോടനം നടത്തുകയുമായിരുന്നു. തുടര്‍ന്ന് റെസ്റ്റോന്റിന് സമീപമുളള സൈനിക ചെക്കുപോസ്റ്റില്‍ കാര്‍ബോംബ് സ്‌ഫോടനവും ഉണ്ടായി.

നസ്റിയയിലെ ആക്രമണം നടത്തിയത് തങ്ങളാണന്ന് ആക്രമണത്തിന് ശേഷം ഐഎസ് അറിയിച്ചു. നസ്‌റിയയിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഷിയാകളുടെ പ്രമുഖ തീര്‍ഥാടനകേന്ദ്രങ്ങളായ കര്‍ബല, നജഫ് നഗരങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇറാഖിലെ പ്രധാന എണ്ണയുത്പാദന കേന്ദ്രമാണ് നസ്റിയ.