കടകംപള്ളിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം: വിവാദ വിഷയമാക്കേണ്ടതില്ലെന്ന് സിപിഎം, യോഗത്തില്‍ വിമര്‍ശനവും
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ സന്ദര്‍ശന വിഷയം വിവാദമാക്കേണ്ടതില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്. മന്ത്രിക്കെതിരെ നടപടിയെടുക്കേണ്ട സാഹചര്യമില്ലെന്നും യോഗം വിലയിരുത്തി. ക്ഷേത്രാചാരങ്ങള്‍ ചിലര്‍ അനാവശ്യമായി വിവാദമാക്കുകയായിരുന്നുവെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പാര്‍ട്ടിയ്ക്ക് നല്‍കിയ വിശദീകരണം. ഇക്കാര്യം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ടു ചെയ്തു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ മന്ത്രിക്കെതിരെ വിമര്‍ശനമുയര്‍ന്നു. എങ്കിലും കൂടുതല്‍ വിവാദങ്ങള്‍ക്ക് പോകേണ്ടതില്ലെന്ന പൊതുനിലപാടാണ് യോഗത്തില്‍ സ്വീകരിച്ചത്.
വേങ്ങര ഉപതിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തിലെ കൂടുതല്‍ ചര്‍ച്ചകള്‍ പൊതുസമൂഹത്തിനു മുന്നില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
അതേസമയം, ഗുരുവായൂര്‍ ദര്‍ശനത്തിന്റെ പേരില്‍ ദേവസ്വം മന്ത്രിയോട് വിശദീകരണം ചോദിക്കാനുള്ള പാര്‍ട്ടി നീക്കം ആരാധനാ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. ക്രൈസ്തവരും മുസ്‌ലിംകളുമായുള്ള എത്രയോ സി.പി.എമ്മുകാര്‍ അവരുട മതവിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്നുണ്ട്. ഇവര്‍ക്കെതിരെയൊന്നും നടപടിയെടുക്കാതെ കടകംപള്ളിയോട് വിശദീകരണം ചോദിക്കുന്നത് ഇരട്ടത്താപ്പാണെന്നും കുമ്മനം കാഞ്ഞിരപ്പള്ളിയില്‍ പറഞ്ഞു.