കെ എസ് ആര്‍ ടി സി ബെന്‍സിലിടിച്ചത് മിന്നല്‍ വേഗത്തില്‍,പക്ഷെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; കാരണം ഇതാണ്

ഗുരുതരമായ പല അപകടങ്ങളില്‍ നിന്നും വാഹനത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ യാത്രകാരെ രക്ഷിക്കാറുണ്ട്. എ.ബി.എസും, എയര്‍ബാഗും ഇത്തരത്തിലുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങളാണ്. അപകടത്തിന്റെ ആഘാതം പൂര്‍ണ്ണമായും വാഹനത്തിലെ യാത്രക്കാരിലേക്ക് എത്താതെ രക്ഷിക്കുകയാണ് ഈ സുരക്ഷാ ഉപകരണങ്ങളുടെ ധര്‍മം. കഴിഞ്ഞ ദിവസം കോട്ടയത്ത് എം.സി റോഡില്‍ നടന്ന അപകടത്തില്‍ നിന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടത് ഇത്തരം സുരക്ഷാ ഉപകരണങ്ങളുടെ സഹായത്താലാണ്.

കോട്ടയം എം.സി റോഡില്‍ തെള്ളകം പെട്രോള്‍ പമ്പിനു സമീപമാണ് അപകടം നടന്നത്. കോട്ടയത്തുനിന്ന് ഏറ്റുമാനൂര്‍ ഭാഗത്തേക്കു അത്യാവശ്യം നല്ല വേഗതയില്‍ പോവുകയായിരുന്ന കെ.എസ്. ആര്‍.ടി.സി ബസ്, റോഡുമുറിച്ച് പെട്രോള്‍ പമ്പിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച ബെന്‍സില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ മധ്യഭാഗത്തായാണ് ബസ് ഇടിച്ചതെങ്കിലും സുരക്ഷയുടെ ഭാഗമായി കര്‍ട്ടന്‍ എയര്‍ബാഗുകളുണ്ടായതുകൊണ്ട് യാത്രക്കാര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഏറ്റില്ല. കാറിലുണ്ടായിരുന്ന സുരക്ഷാ സംവിധാനങ്ങളാണ് അപകടത്തിന്റെ ആഘാതം കുറച്ചതെന്നു യാത്രക്കാര്‍ പറയുന്നു.

അപകടത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുകയാണ്. പെട്രോള്‍ പമ്പിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. മെഴ്‌സഡീസ് ബെന്‍സിന്റെ സി 220യാണ് അപകടത്തില്‍ പെട്ടത്. ഏഴ് എയര്‍ബാഗുകള്‍ അടക്കം അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് കാറിലുണ്ടായിരുന്നത്.