മകന്റെ മൃതദേഹവുമായി കനത്ത മഴയത്ത് ഈശ്വരമ്മ റോഡില്‍ കഴിഞ്ഞത് ഒരു രാത്രി; എന്നിട്ടും മനസ്സലിയയാതെ വീട്ടുടമ
ഹൈദരാബാദ് : പത്ത് വയസ്സുകാരനായ മകന്റെ മൃതദേഹം വീട്ടില്‍ കയറ്റാന്‍ അനുവദിക്കില്ലെന്ന് വീട്ടുടമ നിലപാട് സ്വീകരിച്ചതിനെതുടര്‍ന്ന് മകന്റെ മൃതദേഹവുമായി ഒരു രാത്രിമുഴുവന്‍ മഴ നനഞ്ഞ് ഇളയ മകനോടൊപ്പം അമ്മയ്ക്ക് റോഡില്‍ കഴിയേണ്ടി വന്നു. ഹൈദരാബാദിലെ വെങ്കടേശ്വര്‍ നഗറില്‍ ഈശ്വരമ്മയ്ക്കാണ് മനസാക്ഷി മരവിക്കുന്ന ഈ ദുരവസ്ഥയുണ്ടായത്.
ഡെങ്കിപ്പനി ബാധയെത്തുടര്‍ന്നാണ് ഇവരുടെ മൂത്ത മകനായ സുരേഷ് മരിച്ചത്. മകന്റെ മൃത ദേഹവുമായി തങ്ങളുടെ വാടക വീട്ടിലേക്കു ഈശ്വരമ്മയും ഇളയ മകനും എത്തിയപ്പോള്‍, തന്റെ മകളുടെ വിവാഹം ഈടയുത്താണ് കഴിഞ്ഞതെന്നും മൃതദേഹം വീട്ടില്‍ കയറ്റുന്നത് അശുഭലക്ഷണമാണെന്നും പറഞ്ഞ് വീട്ടുടമയായ ജഗദീഷ് ഗുപ്ത ഇവരെ പുറത്തിറക്കി വിടുകയായിരുന്നു. തങ്ങളുടെ നിസ്സഹായാവസ്ഥയെക്കുറിച്ച് ഈശ്വരമ്മ വീട്ടുടമയോട് പറഞ്ഞെങ്കിലും ജഗദീഷ് ഗുപ്തയുടെ തീരുമാനത്തിന് മാറ്റമൊന്നും ഉണ്ടായില്ല. കഴിഞ്ഞ നാലു വര്‍ഷമായി ഈശ്വരമ്മയും രണ്ടു മക്കളും ഇവിടെയാണ് താമസിക്കുന്നത്.
വീട്ടുടമ പ്രവേശനം നിഷേധിച്ചതോടെ മകന്റെ മൃതദേഹവുമായി റോഡിലേക്കിറങ്ങിയ ഈശ്വരമ്മക്ക് കനത്ത മഴയത്തും പോകാന്‍ മറ്റൊരിടമില്ലാതെ റോഡില്‍ തന്നെ നില്‍ക്കേണ്ടി വന്നു. ഒടുവില്‍ നാട്ടുകാരാണ് ഇവര്‍ക്ക് സഹായവുമായെത്തിയത്. നാട്ടുകാരുടെ സഹായത്താല്‍ ടാര്‍പ്പായും പെട്ടിയും കൊണ്ടുവന്ന് മൃതദേഹം അതില്‍ കിടത്തി. കൂടാതെ മരണാന്തര ചടങ്ങുകള്‍ക്കാവശ്യമായ പണവും നാട്ടുകാര്‍ തന്നെ പിരിച്ചു നല്‍കി.