ഇന്നു തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് നാദിര്‍ഷ; പോലീസ് നിയമോപദേശം തേടി

ഇന്നുതന്നെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് നാദിര്‍ഷാ പൊലീസിനെ അറിയിച്ചു. ചില മെഡിക്കല്‍ ടെസ്റ്റുകള്‍ കൂടി കഴിയാനുണ്ടെന്നും അതു കഴിഞ്ഞാല്‍ എത്താമെന്നുമാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ നാദിര്‍ഷായെ ഇന്നുതന്നെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടി.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ആലുവ പോലീസ് ക്ലബ്ബിലേക്കു വിളിച്ചുവരുത്തിയ സംവിധായകന്‍ നാദിര്‍ഷായെ നേരത്തെ പോലീസിന് ചോദ്യം ചെയ്യാനായിരുന്നില്ല.

നാദിര്‍ഷായുടെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാല്‍ ചോദ്യം ചെയ്യുന്നത് ഒഴിവാക്കുകയായിരുന്നു. ഡോക്ടര്‍മാരെത്തി നാദിര്‍ഷായെ പരിശോധിച്ചു. ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോടതിയുടെ നിര്‍ദ്ദേശ പ്രകാരം രാവിലെ ഒന്‍പതരയോടെയാണ് നാദിര്‍ഷാ പോലീസ് ക്ലബില്‍ എത്തിയത്. ആരോഗ്യനില മെച്ചപ്പെടുമ്പോള്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. രാവിലെ ചോദ്യം ചെയ്യലിനു മുന്‍പുതന്നെ നാദിര്‍ഷായുടെ രക്തസമ്മര്‍ദ്ദവും പ്രമേഹവും കൂടിയ അളവിലായിരുന്നു.

തുടര്‍ന്നു വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ചോദ്യം ചെയ്യല്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് ആലുവ റൂറല്‍ എസ്.പി. എ.വി.ജോര്‍ജ് പറഞ്ഞു. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും എസ്.പി. മാധ്യമങ്ങളോടു വിശദീകരിച്ചിരുന്നു. കഴിഞ്ഞയാഴ്ച ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാദിര്‍ഷാ ഞായറാഴ്ചയാണു ഡിസ്ചാര്‍ജ് ആയത്.