രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് നാദിര്‍ഷാ അന്വഷണ സംഘത്തിനു മുന്നില്‍ ഹാജരായി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് സംവിധായകന്‍ നാദിര്‍ഷാ  അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായി. ആലുവ പോലീസ് ക്ലബിലാണ് നാദിര്‍ഷ ഹാജരായത്.സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ അന്വഷണ സംഘം അറസ്‌റ് ചെയ്യുന്നതിന് മുന്‍പ് നാദിര്‍ഷായെ 13 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.അന്ന് നാദിര്‍ഷ നല്‍കിയ വിവരങ്ങളില്‍ വ്യക്തതക്കുറവുണ്ടെന്ന് കാണിച്ച് രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് ഹാജരാവാന്‍ അന്വേഷണസംഘം നേരത്തേ ആവശ്യപ്പെട്ടപ്പോള്‍ നാദിര്‍ഷാ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. തിങ്കളാഴ്ചയാണ് കോടതി ഈ ഹര്‍ജി പരിഗണിക്കുന്നത്.

നാദിര്‍ഷാ നേരത്തേ നല്‍കിയ മൊഴികളില്‍ പലതിലും വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ ഇതില്‍ വ്യക്തത വരുത്തുകയാവും ഇന്നു പോലീസിന്റെ ലക്ഷ്യം. നടിയെ ആക്രമിച്ച കേസിലെ പ്രതികളുമായി നാദിര്‍ഷാ സംസാരിച്ചതിന് തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. ദീലിപിന്റ മധ്യസ്ഥനായി നാദിര്‍ഷാ പ്രവര്‍ത്തിക്കുന്നു എന്നാണു പോലീസ് സംശയിക്കുന്നത്.ജയിലില്‍ വച്ചു പള്‍സര്‍ സുനി നാദിര്‍ഷായെ മൂന്നു തവണ ഫോണില്‍ വിളിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നാദിര്‍ഷാ തിരിച്ചും സുനിയെ വിളിച്ചതായും പോലീസിന് വ്യക്തമായിട്ടുണ്ട്. നാദിര്‍ഷായ്ക്കെതിരേ കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനി ചില കാര്യങ്ങള്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ദിലീപിന്റെ നിര്‍ദേശമനുസരിച്ച് നാദിര്‍ഷാ തനിക്കു 25,000 രൂപ നല്‍കിയെന്നായിരുന്നു സുനിയുടെ മൊഴി. നടി ആക്രമിക്കപ്പെടുന്നതിന് മുമ്പായിരുന്നു ഈ സംഭവം നടന്നത്.

ചോദ്യം ചെയ്യലില്‍ ഇന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാലും നാദിര്‍ഷായെ അറസ്റ്റ് ചെയ്യാന്‍ പോലീസിനാവില്ല. തിങ്കളാഴ്ച അദ്ദേഹം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതു വരെ അറസ്റ്റ് ചെയ്യരുതെന്ന കോടതി നിര്‍ദേശത്തെ തുടര്‍ന്നാണിത്.