ആരോഗ്യപ്രശ്നം ; നാദിര്‍ഷായുടെ ചോദ്യം ചെയ്യല്‍ മുടങ്ങി
നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷായെ ചോദ്യം ചെയ്യാന്‍ പോലീസിന് സാധിച്ചില്ല. ആലുവ പോലീസ് ക്ലബ്ബില്‍ എത്തിയ നാദിര്‍ഷക്ക് ദേഹാസ്വാസ്ത്യം ഉണ്ടായതാണ് കാരണം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തേത്തുടര്‍ന്ന് ചോദ്യം ചെയ്യല്‍ പോലീസ് നിര്‍ത്തിവെച്ചു. ചോദ്യം ചെയ്യുന്നതിന്റെ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് നാദിര്‍ഷയുടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നാദിര്‍ഷയുടെ ആരോഗ്യനില മോശമാണെന്ന് അറിഞ്ഞത്. കേസില്‍ ഇത് രണ്ടാം തവണയാണ് നാദിര്‍ഷയെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നത്. നേരത്തെ ജൂണ്‍ മാസം ദിലീപിനെയും നാദിര്‍ഷയേയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ദിലീപിനെ കേസില്‍ അറസ്റ്റ് ചെയ്തത്.
നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിന്‍മേല്‍ ഈ മാസം 18 നാണ് വിധി പറയുന്നത്. അതിനാല്‍ നാദിര്‍ഷയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല. ആദ്യ തവണ നടത്തിയ ചോദ്യം ചെയ്യലില്‍ നാദിര്‍ഷ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നതെന്നാണ് പെലീസ് വെളിപ്പെടുത്തിയത്. മൊഴികളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അന്വേഷണസംഘം അന്നുതന്നെ വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കഴിഞ്ഞയാഴ്ച നാദിര്‍ഷയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ നാദിര്‍ഷ നെഞ്ചുവേദനയാണെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.