തൊട്ടാല്‍ പൊള്ളുന്ന ഉള്ളിവില ആദായ നികുതി വകുപ്പിന്റെ ഒരൊറ്റ റെയ്ഡ് കൊണ്ട് കുത്തനെ കുറഞ്ഞു
നാസിക്: ഉള്ളി സംഭരണകേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയെ തുടര്‍ന്ന് സവാളയുടെയും ചെറിയുള്ളിയുടെയും വില കുത്തനെ ഇടിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഉള്ളി വ്യാപാര കേന്ദ്രമായ നാസിക്കിലെ ലാസല്‍ഗൗണ്‍ അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിലാണ് ആദായനികുതി വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് വിലയിടിവുണ്ടായത്. അതുവരെ തൊട്ടാല്‍ പൊള്ളുന്ന ഉള്ളി വിലയില്‍ ഒരൊറ്റ ദിവസം കൊണ്ട് 35 ശതമാനം ഇടിവുണ്ടായി.
ഉയര്‍ന്ന വിലയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം നാസിക്കിലെ ഏഴ് ഉള്ളി സംഭരണ കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ആദായനികുതി വകുപ്പിന്റെ പൂണൈ ഓഫീസിന്റെ നേതൃത്വത്തില്‍ 120 ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് സംഭരണകേന്ദ്രങ്ങളില്‍ മിന്നല്‍ റെയ്ഡ് നടത്തിയത്. ലൗസല്‍ ഗൗണിലെ വ്യാപാരികള്‍ ഉള്ളി പൂഴ്ത്തിവച്ചു കൊണ്ട് കൃതിമവിലക്കയറ്റം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.
രാജ്യത്ത് വാന്‍ തോതില്‍ ഉള്ളി ഉല്‍പ്പാദിപ്പിക്കുന്ന മഹാരാഷ്ട്രയില്‍ കൃതിമവിലക്കയറ്റമുണ്ടാക്കാനായി വ്യാപാരികള്‍ ഉള്ളി പൂഴ്ത്തി വയ്ക്കുന്നത് സ്ഥിരം സംഭവമാണ്. ഉള്ളി വന്‍തോതില്‍ വാങ്ങി കൂട്ടിയ ശേഷം കൃതിമക്ഷാമം സൃഷ്ടിക്കുകയും പിന്നീട് കൂടിയ വിലയ്ക്ക് കച്ചവടം നടത്തി കൊള്ള ലാഭമുണ്ടാക്കുക എന്നതാണ് വ്യാപാരികളുടേയു ഇടനിലക്കാരുടേയും തന്ത്രം.