തിരുവനന്തപുരം ആര്‍ സി സിയില്‍ നിന്നും രക്തം സ്വീകരിച്ച ഒന്‍പത് വയസ്സുകാരിക്ക് എച്ച് ഐ വി ബാധിച്ചതായി പരാതി

തിരുവനന്തപുരം: റീജിണല്‍ കേന്‍സര്‍ സെന്ററില്‍ (ആര്‍സിസി) നിന്നും രക്തം സ്വീകരിച്ച ഒന്‍പത് വയസുകാരിയായ മകള്‍ക്ക് എച്ച്.ഐ.വി ബാധിച്ചതായി രക്ഷിതാക്കള്‍. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ആര്‍.സി.സി.ഡയറക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉത്തരവിട്ടു.

നേരത്തെ ആലുപ്പുഴ മെഡിക്കല്‍ കോളജില്‍ നടത്തിയ രക്തപരിശോധനയില്‍ കുട്ടിക്ക് രക്താര്‍ബുദം സ്ഥിരീകരിച്ചതിനെതുടര്‍ന്ന് മറ്റ് ചികിത്സകള്‍ക്കായാണ് കുട്ടിയെ തിരുവനന്തപുരം ആര്‍.സി.സിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് ഒന്‍പതിന് ആര്‍.സി.സി.സിയില്‍ നടത്തിയ രക്തപരിശോധനയില്‍ കുട്ടിക്ക് എച്ച്.ഐ.വിയില്ല എന്നായിരുന്നു റിപ്പോര്‍ട്ട്.

ഇതിനു ശേഷം നാലു തവണ കീമോത്തറാപ്പി ചെയ്തു. പല തവണ ആര്‍.സി.സിയില്‍ നിന്നും രക്തം സ്വീകരിക്കുകയും ചെയ്തു. ഇതിനു ശേഷം ആഗസ്ത് 25ന് വീണ്ടും ആര്‍.സി.സിയില്‍ നടന്ന രക്തപരിശോധന റിപ്പോര്‍ട്ടിലാണ് കുട്ടിക്ക് എച്ച്.ഐവി ബാധയുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാകള്‍ക്ക് എച്ച്.ഐ.വി. ബാധയുണ്ടോ എന്നറിയാന്‍ മെഡിക്കല്‍ കേളേജ് ആശുപത്രിയിലും, സ്വകാര്യ ലാബിലും കുട്ടിയുടെയും രക്ഷിതാക്കളുടെയും രക്തപരിശോധന നടത്തി. രക്ഷിതാക്കള്‍ക്ക് എച്ച്.ഐ.വിയില്ലെന്ന് വ്യക്തമായതോടെ ആര്‍.സി.സി അധികൃതര്‍, പിഴവുണ്ടായതായി കുറ്റസമ്മതം നടത്തിയെന്ന് കുട്ടിയുടെ അച്ഛന്‍ പറയുന്നു.

ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും കുറ്റക്കാരെ കണ്ടെത്താനോ നടപടി സ്വീകരിക്കാനോ ആരും തയ്യാറിയില്ലെന്നും രക്ഷിതാക്കള്‍ പരാതിപ്പെടുന്നു.
സഭവം വാര്‍ത്തയായതിനു ശേഷമാണ് ആര്‍.സി.സി ഡയറക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി കെ.കെശൈലജ ഉത്തരവിട്ടത്. മെഡിക്കല്‍ കോളജ്
പൊലീസ് പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.