വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേയ്ക്ക്

മലയാളം സിനിമയുടെ ആക്ഷന്‍ ഹീറോയിന്‍ എന്ന പേരുള്ള നായിക നടിയാണ് വാണി വിശ്വനാഥ് . ഒരുകാലത്ത് മലയാളത്തിലെ മുന്‍നിര നായകന്മാരുടെ എല്ലാം നായികയായി തിളങ്ങിയ താരം വിവാഹത്തോടെ സിനിമയില്‍ നിന്നും അകലുകയായിരുന്നു. നടന്‍ ബാബുരാജിന്റെ ഭാര്യയാണ് വാണി. എന്നാല്‍ വാണി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നു എന്നാണ് ഇപ്പോള്‍ വാര്‍ത്തകള്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചുവെന്ന് വാണി വിശ്വനാഥ് തന്നെ വെളിപ്പെടുത്തിയത്.

എന്നാല്‍ കേരളരാഷ്ട്രീയത്തില്‍ അല്ല രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ തെലുങ്ക് രാഷ്ട്രീയത്തിലായിരിക്കുമെന്ന് വാണി പറയുന്നു. തനിക്ക് ഏറെ പ്രിയപ്പെട്ട പാര്‍ട്ടി തെലുങ്ക് ദേശംപാര്‍ട്ടിയാണ്. രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ ടി.ഡി.പിയിലായിരിക്കും ഇറങ്ങുകയെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ചേരണമെന്നാവശ്യപ്പെട്ട് തെലുങ്കുദേശം പാര്‍ട്ടിയിലെ ചില നേതാക്കള്‍ തന്നെ സമീപിച്ചിരുന്നു.

രാഷ്ട്രീയത്തിലെത്തുമ്പോള്‍ അവര്‍ക്കൊപ്പമുണ്ടാവുമെന്ന് താന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. താനേറെ ബഹുമാനിക്കുന്ന നേതാവ് ചന്ദ്രബാബു നായിഡുവുമായുള്ള കൂടിക്കാഴ്ച്ച അടുത്ത് തന്നെ നടക്കുമെന്നാണ് കരുതുന്നത്. രാഷ്ട്രീയത്തിലിറങ്ങാന്‍ കുടുംബത്തിന്റെ പിന്തുണയുണ്ട്. തെലുങ്ക് ജനതയും ഒപ്പമുണ്ടാവുമെന്ന് കരുതുന്നതായും താരം കൂട്ടിച്ചേര്‍ത്തു. തമിഴ്നാട്ടിലാണ് വാണിയും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. തെലുങ്ക് ചാനലായ ടി വി 9നു നല്‍കിയ ഇന്റര്‍വ്യൂവിലാണ് വാണി തന്‍റെ രാഷ്ട്രീയമോഹങ്ങള്‍ തുറന്നു പറഞ്ഞത്.