നടി ആക്രമിക്കപ്പെട്ട കേസ്: സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി വനിതാ കമ്മീഷന്‍
ന്യൂഡല്‍ഹി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വനിതാ കമ്മീഷന്‍. . കേസില്‍ ശരിയായ അന്വേഷണം നടന്നിട്ടില്ല. അന്വേഷണം വൈകിപ്പിക്കാന്‍ പോലീസ് മനഃപ്പൂര്‍വ്വം ശ്രമിക്കുന്നുവെന്നും, കേസില്‍ സംസ്ഥാന സര്‍ക്കാരിന് താല്പര്യക്കുറവുണ്ടെന്നും കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം പറഞ്ഞു.
അന്വേഷണത്തെ കുറിച്ച് മുഖ്യമന്ത്രിയോട് ചോദിച്ചപ്പോള്‍ മറുപടി നല്‍കിയില്ല. സര്‍ക്കാരിന് ഇക്കാര്യത്തില്‍ താത്പര്യമില്ല. രാഷ്ട്രീയ ലക്ഷ്യങ്ങളാണ് അന്വേഷണം വൈകിപ്പിക്കാന്‍ കാരണമെന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കുന്നത്. അന്വേഷണം നീളുന്നതില്‍ കേരളാ മുഖ്യമന്ത്രിയോടും ഡി.ജി.പിയോടും വിശദീകരണം തേടുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.
ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ ഇതുവരെ കുറ്റപ്പത്രം സമര്‍പ്പിക്കാനായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. വിവരങ്ങള്‍ അന്വേഷിക്കാന്‍ കമ്മീഷന്‍ അംഗമായ സുഷമാ സാഹുവിനെ കേരളത്തിലേക്ക് അയച്ചിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരിന് കൃത്യമായ ഒരു വിവരവും നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഒഴുക്കന്‍ തരത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നും അവര്‍ കുറ്റപ്പെടുത്തി.