രാജ്യത്തെ വിഐപികളുടെ സുരക്ഷാ വെട്ടിക്കുറക്കാനുള്ള തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ വി.ഐ.പികള്‍ക്ക് നല്‍കി വരുന്ന പ്രത്യേക സുരക്ഷ ലഭിക്കുന്നവരുടെ എണ്ണം വെട്ടിക്കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. രാജ്യത്തെ രാഷ്ട്രീയക്കാര്‍, സമുദായ നേതാക്കള്‍ തുടങ്ങിയ നിരവധി ആളുകള്‍ക്ക് എന്‍.എസ്.ജി കമാന്‍ഡോ ഉള്‍പ്പടെയുള്ള സംരക്ഷണം ലഭിക്കുന്നുണ്ട്. ഈ സൗകര്യം നല്‍കി വന്നവരുടെ എണ്ണം കാര്യമായി വെട്ടിക്കുറക്കാനാണ് കേന്ദ്രം തീരുമാനിക്കുന്നതിന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സുരക്ഷാ ലഭിക്കുന്ന രാഷ്ട്രീയ നേതാക്കളില്‍ സ്വന്തം സംസ്ഥാനത്തിന് പുറത്തേക്ക് യാത്രകള്‍ നടത്താത്തവര്‍ക്കാണ് ആദ്യം സുരക്ഷ വെട്ടിക്കുറക്കുന്നതെന്നാണ് വിവരം. ഇതുപ്രകാരം ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും ബിജെപി നോതാവുമായ രമണ്‍ സിങ്, തമിഴ്‌നാട് ഡിഎംകെ നേതാവ് എം. കരുണാനിധി തുടങ്ങിയവരുടെ സുരക്ഷാ സംവിധാനങ്ങളില്‍ മാറ്റമുണ്ടാകും. ഇവരെല്ലാം ഏറ്റവും ഉയര്‍ന്ന ഇസഡ് പ്രസ് സുരക്ഷാ കാറ്റഗറിയിലുള്ളവരാണ്. നിലവില്‍ 50 പേര്‍ക്കാണ് ഇസഡ് പ്ലസ് സുരക്ഷ ലഭിക്കുന്നത്. ഇവരില്‍ പലര്‍ക്കും എന്‍.എസ്.ജിയുടെയും സി.ആര്‍.പി.എഫിന്റെയും സംയുക്ത സുരക്ഷയുണ്ട്.
ഇസഡ് പ്ലസ് സുരക്ഷയുള്ളവരെ 35 മുതല്‍ 40 പേരടങ്ങുന്ന സുരക്ഷാ സംഘമാണ് അനുഗമിക്കുന്നത്. ഇവര്‍ക്കുള്ള സുരക്ഷ വെട്ടിക്കുറക്കുകയോ പൂര്‍ണമായും ഒഴിവാക്കുകയോ ചെയ്യാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. രാഷ്ട്രീയ സമ്മര്‍ദ്ദം അതിജീവിച്ച് ഇത് എങ്ങനെ നടപ്പിലാക്കുമെന്നാണ് കേന്ദ്രം ആലോചിക്കുന്നത്. മാത്രമല്ല സുരക്ഷാ ഉദ്യോഗസ്ഥരെ മറ്റ് ജോലികള്‍ ഇത്തരം വിഐപികള്‍ ഏല്‍പ്പിക്കാറുണ്ട്. ഇത്തരത്തില്‍ നിരവധി പരാതികള്‍ സുരക്ഷാ സേനകളില്‍ നിന്നും വന്നതും പുതിയ നീക്കത്തിന് പിന്നിലുണ്ടെന്നാണ് വിവരം. എക്‌സ് മുതല്‍ ഇസഡ് വരെ വിവിധ കാറ്റഗറിയായാണ് വി.ഐ.പി സുരക്ഷ നല്‍കുന്നത്. ഇസഡ് കാറ്റഗറിയില്‍ യോഗാ ഗുരു ബാബാ രാംദേവ്, മാതാ അമൃതാനന്ദമയി എന്നവരുണ്ട്.
ഇന്ത്യയിലേറ്റവും കൂടുതല്‍ വിഐപി സുരക്ഷ ലഭിക്കുന്നവരുള്ളത് ഉത്തര്‍പ്രദേശിലാണ്. എന്‍എസ്ജി സുരക്ഷ നല്‍കുന്നത് 15 രാഷ്ട്രീയ നേതാക്കള്‍ക്കാണ്. സിആര്‍പിഎഫ് 75, സിഐഎസ്എഫ് 75, ഐടിബിപി 18 എന്നിങ്ങനെയാണ് സുരക്ഷ നല്‍കുന്ന പ്രമുഖരുടെ എണ്ണം. മുകേഷ് അംബാനിക്ക് ഇസഡ് കാറ്റഗറിയും ഭാര്യനിത അംബാനിക്ക് വൈ കാറ്റഗറി സുരക്ഷയുമുണ്ട്. എന്നാല്‍ ഇതിനുള്ള പണം അവര്‍ മുടക്കുന്നുണ്ട്.