ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും; സോപാധിക ജാമ്യം അനുവദിക്കണമെന്ന് ദിലീപ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലായ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. നടിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു തനിക്കെതിരെയുള്ളതെന്നും അതില്‍ അന്വേഷണം പൂര്‍ത്തിയായതിനാല്‍ സോപാധിക ജാമ്യം അനുവദിക്കണമെന്നാണു ദിലീപ് ജാമ്യ ഹര്‍ജിയില്‍ ചൂണ്ടി കാണിക്കുന്നത്.

നാലാം തവണയാണു ജാമ്യാപേക്ഷയുമായി ദിലീപ് കോടതിയെ സമീപിക്കുന്നത്. രണ്ടുതവണ ഹൈക്കോടതി ജാമ്യം തള്ളി. തുടര്‍ന്നാണ് ദിലീപ് വീണ്ടും കീഴ്‌ക്കോടതിയെ സമീപിക്കുന്നത്. സംഭവത്തില്‍ ദിലീപ് ജയിലിലായിട്ടു 60 ദിവസം കഴിഞ്ഞു. നഗ്‌നചിത്രമെടുക്കാന്‍ ഗൂഢാലോചന നടത്തി എന്ന കുറ്റമാണ് ഇപ്പോള്‍ ചുമത്തപ്പെട്ടിട്ടുള്ളത്. അതുപ്രകാരം 60 ദിവസത്തില്‍ കൂടുതല്‍ റിമാന്‍ഡില്‍ കഴിഞ്ഞാല്‍ സോപാധിക ജാമ്യത്തിനു പ്രതി അര്‍ഹനാണ്. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ക്രിമിനല്‍ നടപടിച്ചട്ടം 376 (രണ്ട്) പ്രകാരമുള്ള കുട്ടമാനഭംഗക്കുറ്റം തന്റെ പേരില്‍ നിലനില്‍ക്കില്ല. ഇതുണ്ടെങ്കില്‍ മാത്രമേ 90 ദിവസം റിമാന്‍ഡിന് കാര്യമുള്ളൂ.

അതേസമയം, ദിലീപിന്റെ സുഹൃത്തും, സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയപ്പെടുന്ന സംവിധായകന്‍ നാദിര്‍ഷായെ ചോദ്യം ചെയ്യാനായില്ലെന്ന് കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ആലുവ പൊലീസ് ക്ലബില്‍ വെള്ളിയാഴ്ച രാവിലെ ഹാജരായ നാദിര്‍ഷായുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണു ചോദ്യം ചെയ്യാനുള്ള നീക്കം അന്വേഷണ സംഘം ഉപേക്ഷിച്ചത്. പിന്നീട് നാദിര്‍ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരത്തോടെ ചോദ്യംചെയ്യലിനു തയാറാണെന്ന് അറിയിച്ചു. എന്നാല്‍, വിശദമായ നിയമോപദേശം തേടിയ ശേഷം മാത്രം ചോദ്യം ചെയ്താല്‍ മതിയെന്ന് അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.