ക്യാമറയ്ക്ക് മുന്‍പില്‍ സ്റ്റാറാകാന്‍ അദ്ധ്യാപികയെ കണക്ക് പഠിപ്പിക്കാന്‍ ശ്രമിച്ച വിദ്യാഭ്യാസ മന്ത്രിക്ക് പൊങ്കാല (വീഡിയോ)

ചാനല്‍ ക്യാമറകള്‍ക്ക് മുന്‍പില്‍ ആളാകാന്‍ മന്ത്രി നടത്തിയ ഷോ അവസാനം മന്ത്രിക്ക് തന്നെ പാരയായി. ഉത്തരാഖണ്ഡിലെ വിദ്യാഭ്യാസമന്ത്രി അരവിന്ദ് പാണ്ഡെയാണ് പുലിവാല്‍ പിടിച്ചത്. ഉത്തരാഖണ്ഡിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ വേളയിലാണ് സംഭവം. സ്‌കൂള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനു പകരം അവിടെയുള്ള ഒരു അധ്യാപികയെ കണക്ക് പഠിപ്പിക്കാനായിരുന്നു മന്ത്രിയുടെ ശ്രമം. ചോദിച്ച ചോദ്യങ്ങള്‍ക്ക് ടീച്ചര്‍ നല്‍കിയ ഉത്തരം തെറ്റാണെന്ന് വാദിച്ച് മന്ത്രി ടീച്ചറെ ശകാരിക്കുകയും ചെയ്തു. ക്ലാസ് നടക്കുന്ന സമയം അവിടെയെത്തിയ മന്ത്രി അടിമകളോട് പെരുമാറുന്ന തരത്തിലായിരുന്നു ടീച്ചര്‍മാരോട് പെരുമാറിയത് എന്ന് വീഡിയോ കണ്ടാല്‍ വ്യക്തമാകും.

തുടര്‍ന്ന് കുട്ടികളുടെ മുന്‍പില്‍ വെച്ച് നെഗറ്റീവും നെഗറ്റീവും തമ്മില്‍ കൂട്ടിയാല്‍ കിട്ടുന്ന ഉത്തരം എന്തായിരിക്കുമെന്ന് ടീച്ചറോട് ചോദിച്ചു. നെഗറ്റീവ് ആയിരിക്കുമെന്നായിരുന്നു മറുപടി. എന്നാല്‍ നെഗറ്റീവും നെഗറ്റീവും കൂട്ടിയാല്‍ പോസിറ്റീവാണെന്നായിരുന്നു മന്ത്രിയുടെ വാദം. ഉദാഹരണമായി മൈനസ് ഒന്നും മൈനസ് ഒന്നും കൂട്ടിയാല്‍ എന്തായിരിക്കും ഉത്തരമെന്ന് ക്ലാസ് അധ്യാപികയോട് ചോദിച്ചു. മൈനസ് 2 എന്ന് അവര്‍ ഉത്തരം പറഞ്ഞെങ്കിലും പൂജ്യം ആണെന്നായിരുന്നു മന്ത്രിയുടെ വാദം. ഉത്തരം സമര്‍ഥിക്കാന്‍ അധ്യാപിക ശ്രമിച്ചെങ്കിലും മന്ത്രി സ്വന്തം വാദത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. അധ്യാപികയെ അപമാനിക്കുന്ന മന്ത്രിയുടെ വീഡിയോ പുറത്തുവന്നതോടെ മന്ത്രിക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. അരവിന്ദ് പാണ്ഡെ മാപ്പ് പറയണമെന്നാണ് ഇപ്പോള്‍ ഉയരുന്നു ആവശ്യം. അഞ്ചാം ക്ലാസ് വിദ്യാഭ്യാസമുള്ളവരെയൊക്കെ പിടിച്ച് മന്ത്രിയാക്കിയാല്‍ ഇങ്ങനെയിരിക്കും എന്ന തരത്തില്‍ മന്ത്രിക്ക് പൊങ്കാലയുമായി കുറേപേര്‍ രംഗത്ത് വന്നു കഴിഞ്ഞു.

 

വീഡിയോ കാണാം :