ഇന്ത്യ-ആസ്ട്രേലിയ ആദ്യ പോരാട്ടം നാളെ നടക്കും
ചെന്നൈ: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് നാളെ ചെന്നൈയില്‍ തുടക്കമാവും. ലങ്കക്കെതിരായ പരമ്പരയില്‍ സമ്പൂര്‍ണ്ണ വിജയം നേടി സ്വന്തം മണ്ണില്‍ തിരിച്ചെത്തിയ ഇന്ത്യ ഓസ്ട്രേലിയന്‍ വെല്ലുവിളിക്ക് ഒരുങ്ങിക്കഴിഞ്ഞു. കളിയുടെ എല്ലാ മേഖലകളിലും സന്തുലിതമാണ് ഇന്ത്യന്‍ ടീം. അതെ സമയം ബംഗ്ഗാദേശിനോട് ചരിത്രത്തിലാദ്യമായി ടെസ്റ്റ് തോറ്റ നാണക്കേടുമായാണ് ഓസീസ് ഇന്ത്യന്‍ മണ്ണിലെത്തുന്നത്.
ഫോമിലുള്ള ശിഖര്‍ ധവാന് വിട്ടുനില്‍ക്കുന്നതിനാല്‍ രോഹിത് ശര്‍മയ്ക്കൊപ്പം അജിങ്ക്യ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. റണ്‍ മെഷീന് വിരാട് കോലിക്കൊപ്പം ധോണി ഫോം വീണ്ടെടുത്തതോടെ മധ്യനിരയും സുശക്തം. കെ എല്‍ രാഹുലിനെ മധ്യനിരയില്‍ ഒരിക്കല്‍ക്കൂടി പരീക്ഷിച്ചേക്കും. അശ്വിനും ജഡേജയ്ക്കും പകരം കളിക്കുന്ന യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്ക് ടീമില്‍ സ്ഥിര സാന്നിധ്യമാകന് ഈ പരമ്പര വളരെ നിര്‍ണായകം.
ഡേവിഡ് വാര്‍ണര്‍ നല്ല തുടക്കം നല്‍കുന്നുണ്ടെങ്കിലും മധ്യനിരയില്‍ ഇപ്പോഴും ആശങ്കയാണ്. സ്പിന്‍ ബൗളമാര്കൂടിയായ ഗ്ലെന്‍ മാക്സ്വെല്, ട്രാവിസ് ഹെഡ് എന്നിവരുടയും ഓള്‍റൗണ്ടര്‍ യിംസ് ഫോള്ക്നറുടെയും പ്രകടനം ഓസീസ് നിരയില്‍ നിര്‍ണായകമാവും. ഇന്ത്യ-ഓസ്ട്രേലിയ പോരിനൊപ്പം വിരാട് കോലി-സ്റ്റീവ് സ്മിത്ത് നായകന്മാരുടെ കൊമ്പുകോര്‍ക്കല്‍ കൂടിയായിരിക്കും ഏകദിന പരമ്പര. അഞ്ച് ഏകദിനങ്ങളാണ് പരമ്പരയില്‍ ഉള്ളത്.