തനിയ്‌ക്കെതിരെ ദുഷ്‌ലാക്കോടെയാണ് അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നത് : കാവ്യാ മാധവന്‍

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കാവ്യാമാധവന്‍ കോടതിയില്‍ ഹര്‍ജിയില്‍ അന്വേഷണസംഘത്തിനു എതിരെ രൂക്ഷമായ ആരോപണങ്ങള്‍. അന്വേഷണം പക്ഷപാതപരമാണെന്നും തനിയ്‌ക്കെതിരെ ദുഷ്‌ലാക്കോടെയാണ് അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നതെന്നും കാവ്യ ഹര്‍ജിയില്‍ ആരോപിക്കുന്നു. മുന്‍കൂര്‍ ജാമ്യം തേടി 56 പേജുകളുള്ള വിശദമായ ഹര്‍ജിയാണ് കാവ്യാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ തന്നെ കാരണമില്ലാതെ അറസ്റ്റ് ചെയ്യുമോ എന്ന ആശങ്കയുള്ളതിനാലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതെന്നും കാവ്യ വ്യക്തമാക്കിയിട്ടുണ്ട്.

25 വര്‍ഷത്തിലേറെയായി എഴുപതിലേറെ സിനിമകളുടെ ഭാഗമായ സംസ്ഥാന പുരസ്‌കാരം നേടിയ അഭിനേത്രി സമര്‍പ്പിക്കുന്ന അപേക്ഷ എന്ന ആമുഖത്തോടെയാണ് ഹര്‍ജി ആരംഭിക്കുന്നത്. തന്നെ അപമാനിക്കാനും പീഡിപ്പിക്കാനുമാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നതെന്നും കേസിലെ ഒന്നാം പ്രതിയും കുപ്രസിദ്ധ ക്രിമിനലുമായ പള്‍സര്‍ സുനിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തനിയ്‌ക്കെതിരായ പ്രസ്താവനകള്‍ നടത്താന്‍ അനുവദിച്ചത് ഇതിന് ഉദാഹരണമായി കാവ്യ ചൂണ്ടിക്കാട്ടുന്നു. കേസില്‍ ദിലീപ് നിരപരാധിയാണെന്നും ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. കാവ്യയുമായി അടുത്ത പരിചയമുണ്ടെന്നും കേസിലെ മാഡം കാവ്യയാണെന്നും സുനി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയ്ക്ക് കാവ്യയും കുടുംബവുമായും അടുത്ത ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.