ക്ഷേത്ര നടയില്‍ യുവതി കൂട്ട ബലാല്‍സംഗത്തിനിരയായി; നടപടി എടുക്കാന്‍ കൂട്ടാക്കാതെ പോലീസ്
ആഗ്ര: ഏറെ പ്രശസ്തമായ മഥുര രാധാറാണി ക്ഷേത്ര നടയില്‍ വിശ്വാസി കൂട്ടബലാത്സംഗത്തിനിരയായി. സെപ്തംബര്‍ 11 നാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. രാത്രിയില്‍ ക്ഷേത്ര നടയിലെ ഹാളില്‍ കിടന്നുറങ്ങുന്നതിനിടെ ഒഡീഷാ സ്വദേശിനിയായ നാല്‍പ്പത്തിയഞ്ചുകാരിയെ രണ്ട് ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദിച്ച് അവശയാക്കിയ ശേഷം ക്ഷേത്രത്തിനുള്ളില്‍ തന്നെ ഒഴിഞ്ഞ കോണിലേക്ക് കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവത്തില്‍ ക്ഷേത്രം കാവല്ക്കാരന് കനയ്യാ യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ രണ്ടാമത്തെ പ്രതിയും ക്ഷേത്രം പാചകക്കാരനുമായ രാജേന്ദര്‍ താക്കൂറിനെ പോലീസ് അന്വേഷിച്ചു വരികയാണ്.സംഭവം നടന്നതിന് തൊട്ടുപിന്നാലെ തന്നെ യുവതി ബര്‍സാനാ പോലീസ് സ്റ്റേഷനില്‍ എത്തുകയും വിവരം പറയുകയും ചെയ്തെങ്കിലും കേസെടുക്കാന്‍ പോലീസ് കൂട്ടാക്കിയില്ല. ഭാഷാ പ്രശ്നം കാരണം ശരിയായി ആശയവിനിമയം നടത്താന്‍ കഴിയാതെ വന്നതോടെഒരു ദ്വിഭാഷിയുടെ സഹായത്തോടെ പോലീസ് വിവരം റെക്കോഡ് ചെയ്തു. അതിന് ശേഷം യുവതിയെ വൈദ്യ പരിശോധനയ്ക്കായി അയച്ചു. സംഭവത്തിന്റെ ക്ഷേത്രത്തില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
യുവതിയുടെ ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിയെടുക്കുമെന്ന് മഥുര എസ്.പി സ്വപ്നില്‍ മാന്ഗെയ്ന് പറഞ്ഞു. വേണ്ട വിധത്തില്‍ വേഗത്തില്‍ നടപടി എടുക്കാന്‍ വിസമ്മതിച്ചതിനാണ് പോലീസിനെതിരെ നടപടിയുണ്ടാവുക. കഴിഞ്ഞയാഴ്ച ഇവരുടെ ഭര്‍ത്താവും ഏക മകനും മരിച്ചതിനുശേഷം ക്ഷേത്രത്തില്‍ കഴിഞ്ഞു വരികയായിരുന്ന യുവതിയെ വിശ്വാസികളാണ് പരിചരിച്ചിരുന്നത്. പ്രതികളെ ക്ഷേത്രം ജോലിയില്‍ നിന്നും പിരിച്ചു വിട്ടു.