നടുറോഡില്‍ അടിപിടി ഉണ്ടാക്കി മുങ്ങിയ മേജര്‍ രവിയുടെ സഹോദരന്‍ അവസാനം പോലീസില്‍ കീഴടങ്ങി

നടുറോഡില്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാരനേയും ദമ്പതികളേയും മര്‍ദ്ദിച്ച കേസില്‍ നടനും സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. കഴിഞ്ഞ ജൂലായ് 22 ന് ആയിരുന്നു സംഭവം നടന്നത്. അതിന് ശേഷം ഇവര്‍ മുങ്ങുകയായിരുന്നു. പെരുമ്പിലാവ്-പട്ടാമ്പി റോഡില്‍ ജൂലായ് 22 ന് ആയിരുന്നു സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ അറ്റകുറ്റ പണികള്‍ നടക്കുകയായിരുന്നു. ഒരു വരിയിലൂടെ മാത്രമേ ഈ സമയം വാഹനങ്ങള്‍ കടത്തി വിട്ടിരുന്നുള്ളു. വാഹനം കടത്തി വിടുന്ന തര്‍ക്കത്തിലായിരുന്നു തുടക്കം. പിന്നീട് ഇത് അടിപിടിയിലേക്ക് നീങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

വാഹനങ്ങള്‍ നിയന്ത്രിച്ചിരുന്ന മാര്‍ട്ടിന്‍ എന്ന വാട്ടര്‍ അതോറിറ്റി ജീവനക്കാരനുമായാണ് പ്രശ്‌നമുണ്ടായത്. വാക്കുതര്‍ക്കം അടിപിടിയിലേക്ക് നീങ്ങിയപ്പോള്‍ മാര്‍ട്ടിന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അപ്പോള്‍ കണ്ണന്‍ പട്ടാമ്പിയും സംഘവും പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. സമീപത്തുള്ള ഒരു വീട്ടിലേക്കായിരുന്നു മാര്‍ട്ടിന്‍ ഓടിക്കയറിയത്. മാര്‍ട്ടിനെ തല്ലുന്നത് തടയാന്‍ ശ്രമിച്ച വീട്ടുകാരായ ദമ്പതിമാര്‍ക്ക് നേര്‍ക്കും കണ്ണനും സംഘവും അക്രമം അഴിച്ചുവിട്ടു എന്നും പരാതിയുണ്ട്. നാട്ടുകാര്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. ഇതോടെ കണ്ണന്‍ പട്ടാമ്പയും സംഘവും അവിടെ നിന്ന് മുങ്ങുകയായിരുന്നു. ഒടുവില്‍ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയതിന് ശേഷം ആണ് കുന്നംകുളം പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങിയത്. എല്ലാ ആഴ്ചയും സ്‌റ്റേഷനില്‍ എത്തി ഒപ്പിടണം എന്ന വ്യവസ്ഥയില്‍ ഇവരെ വിട്ടയക്കുകയും ചെയ്തു. മേജര്‍ രവിയുടെ ചില ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് കണ്ണന്‍ പട്ടാമ്പി. ചില സിനിമകളുടെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആയും ജോലി ചെയ്തിട്ടുണ്ട്.