ഓണസമ്മാനമായി സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത് പുഴുവരിച്ച അരി; ഉച്ച ഭക്ഷണത്തിനും ഉപയോഗിക്കുന്നത് ഇതേ അരി

ചെങ്ങന്നൂര്‍: സ്‌കൂളില്‍ കുട്ടികള്‍ക്ക് ഓണസമ്മാനമായും ഉച്ചഭക്ഷണത്തിനായും ലഭിച്ചത് പുഴുവരിച്ച അരി. ചെറിയനാട് ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പുഴുവരിച്ച് ഉപയോഗയോഗ്യമല്ലാത്ത അരി നല്‍കിയത്. ഓണം പ്രമാണിച്ച് കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനും, ഉച്ചഭക്ഷണത്തിനുമായാണ് അരി ലഭിച്ചത്. ഓണത്തിന് ലഭിക്കേണ്ട അരി അവധിക്കു ശേഷം കഴിഞ്ഞ ദിവസമാണ് കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ ആരംഭിച്ചത്. സ്‌കൂളില്‍ നിന്ന് ലഭിച്ച ലഭിച്ച അരിയുമായി കുട്ടികള്‍ വീട്ടിലെത്തിയപ്പോള്‍ രക്ഷിതാക്കളാണ് അരിയില്‍ പുഴുവരിക്കുന്നത് ശ്രദ്ധിച്ചത്.

ഇതോടെ അരിയുമായി രക്ഷകര്‍ത്താക്കള്‍ സ്‌കൂളിലെത്തി ഹെല്‍ത്ത് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ സ്‌കൂളിലെ ഗോഡൗണില്‍ നടത്തിയ പരിശോധനയില്‍ കാലപ്പഴക്കം വന്ന് കട്ടപിടിച്ചും പുഴുവരിച്ചനിലയിലുമായി 12 ചാക്ക് അരി കണ്ടെടുത്തു. ഉപയോഗയോഗ്യമല്ലാത്ത അരി ഉപയോഗിച്ചുണ്ടാക്കിയ ഉച്ചഭക്ഷണം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കരുതെന്നും, സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും രക്ഷാകര്‍ത്താക്കള്‍ ആവശ്യപ്പെട്ടു.

നിലവില്‍ സ്റ്റോക്കുള്ള അരി ഗോഡൗണില്‍ തിരികെ നല്‍കി മാറ്റി വാങ്ങുവാനും ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്‌കൂളില്‍ ഗുണനിലവാരം ഇല്ലാത്ത സാധനങ്ങളാണ് ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നതെന്ന് നേരത്തെയും പരാതി ഉയര്‍ന്നിരുന്നു.