വാട്‌സ് ആപ്പിലും ഇനി വെരിഫൈഡ് അക്കൗണ്ടുകള്‍; ആദ്യഘട്ടം ആരംഭിച്ചു,ഇന്ത്യയിലും അക്കൗണ്ടുകള്‍ക്ക് ബാഡ്ജ് നല്‍കി
വ്യാവസായികാടിസ്ഥാനത്തില്‍ വാട്‌സ്ആപ്പിനെ മുന്നോട്ടു നയിക്കുന്നതിന്റെ ഭാഗമായി വ്യവസായ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ക്ക് വെരിഫൈഡ് ബാഡ്ജ് നല്‍കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. ഇതിനുള്ള പ്രാഥമികഘട്ട പരീക്ഷണം വാട്‌സ്ആപ്പ് ആരംഭിച്ചു കഴിഞ്ഞു.
വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് വാട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടുകള്‍ക്ക് വെരിഫൈഡ് ബാഡ്ജുകള്‍ നല്‍കുക. ഇത്തരം അക്കൗണ്ടുകളുടെ പേരിനൊപ്പം പച്ച നിറത്തിലുള്ള ‘ചെക്ക് മാര്‍ക്ക്’ കാണാനാവും. സ്ഥാപനങ്ങള്‍ക്ക് ഉപയോക്താക്കളുമായി നേരിട്ട് സംവദിക്കാനുള്ള അവസരമാണ് ഇതുവഴി സാധ്യമാകുക. പ്രാഥമിക ഘട്ടമെന്നോണം ചുരുക്കം ചില സ്ഥാപനങ്ങള്‍ക്ക് വെരിഫൈഡ് അക്കൗണ്ടുകള്‍ വാട്‌സ്ആപ്പ് ഇതിനകം നല്‍കിയിട്ടുണ്ട്.
ആദ്യമായി വാട്‌സ്ആപ്പ് വരിഫൈഡ് അക്കൗണ്ട് ലഭിച്ചത് കെ.എല്‍.എം. റോയല്‍ ഡെച്ച് എയര്‍ലൈന്‍സിനാണ്. ടിക്കറ്റ് ബുക്കിങുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ബോഡിങ് പാസ്, ഫ്‌ലൈറ്റ് സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍, ചെക്ക് ഇന്‍ അറിയിപ്പുകള്‍ തുടങ്ങിയ വിവരങ്ങളാണ് കെ.എല്‍.എം. തങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് വഴി ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റിങ് ബ്രാന്റായ ബുക്ക് മൈ ഷോ ആണ് വാട്‌സ്ആപ്പിന്റെ ബിസിനസ് വെരിഫൈഡ് അക്കൗണ്ട് ലഭിച്ച ഇന്ത്യന്‍ സ്ഥാപനം.
വ്യവസായങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളും മൊബൈല്‍ ആപ്പുകളുമായി ഈ വാട്‌സ്ആപ്പ് അക്കൗണ്ടുകളെ ബന്ധിപ്പിക്കാനുമാവും.
ഉപയോക്താക്കളുമായി സംവദിക്കാന്‍ നിലവില്‍ എസ്എംഎസ് സംവിധാനം ഉപയോഗിക്കുന്ന സ്ഥാപനങ്ങളുണ്ട്.
ഇത്തരം ചാറ്റുവഴിയുള്ള സന്ദേശങ്ങള്‍ ഡെലിറ്റ് ചെയ്യാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സാധാരണ അക്കൗണ്ടുകള്‍ തമ്മിലുള്ള ചാറ്റുകളില്‍ അയക്കുന്ന സന്ദേശങ്ങള്‍ ഡെലിറ്റ് ചെയ്യാന്‍ നമുക്ക് സാധിക്കാറുണ്ട്. ബിസിനസ് അക്കൗണ്ടുകളുമായുള്ള ആശയവിനിമയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിന് വേണ്ടിയാണിത്.
വ്യവസായങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുക എന്നതും വെരിഫൈഡ് അക്കൗണ്ടുകളിലൂടെ വാട്‌സ്ആപ്പ് ലക്ഷ്യം വെക്കുന്നു. അധികം വൈകാതെ തന്നെ കൂടുതല്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് അംഗീകൃത വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം വെരിഫൈഡ് ബാഡ്ജ് സൗകര്യം ഔദ്യോഗികമായി എപ്പോള്‍ അവതരിപ്പിക്കുമെന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കിയിട്ടില്ല.