കുമ്മനത്തിന്റെ ജനരക്ഷാ യാത്രയില്‍ നിന്നും ബിഡിജെഎസ് വിട്ടുനില്‍ക്കും ; കേരള എന്‍.ഡി.എയില്‍ കല്ലുകടി
തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ബിഡിജെഎസിന്റെ തീരുമാനം. എന്‍.ഡി.എയില്‍ നിന്ന് പുറത്തു പോകുന്നതിന്റെ സൂചനകള്‍ നല്‍കിയാണ് ബി.ഡി.ജെ.എസ്. കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്ര ഉള്‍പ്പെടെ ബി.ജെ.പി സംഘടിപ്പിക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കാനാണ് ബി.ഡി.ജെ.എസ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് നല്‍കുന്ന സ്വീകരണ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. വേങ്ങര തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ വിഷയങ്ങളില്‍ ബി.ഡി.ജെ.എസിന്റെ ബഹിഷ്‌കരണം ബി.ജെ.പിക്ക് തിരിച്ചടിയാകും. തെരഞ്ഞെടുപ്പ് സമയത്ത് ഇരുവിഭാഗവും തമ്മിലുണ്ടാക്കിയ ധാരണകളും വാഗ്ദാനങ്ങളും ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ലെന്നതാണ് ബി.ജെ.പിക്കെതിരായ ബി.ഡി.ജെ.എസ് അമര്‍ഷത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഇനിയും തങ്ങളെ കബളിപ്പിച്ച് വോട്ടിങ് ശതമാനം കൂട്ടാന്‍ ബി.ജെ.പിക്കാവില്ലെന്ന നിലപാടിലാണ് ബി.ഡി.ജെ.എസ് നേതൃത്വം. ഇതിന്റെ ഭാഗമായാണ് ബി.ജെ.പി സംഘടിപ്പിക്കുന്ന പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ബി.ഡി.ജെ.എസ് സംസ്ഥാന ഭാരവാഹികളുടെ യോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്. ജനരക്ഷാ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ മുന്നൊരുക്ക ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാത്തതിനെ തുടര്‍ന്നാണ് യാത്രയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബി.ഡി.ജെ.എസ് തീരുമാനിച്ചത്.അതുപോലെ മാത്രമല്ല കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ബിജെപി നല്‍കിയ സ്വീകരണങ്ങളില്‍ ബിഡിജെഎസിനെ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ഇനിയുള്ളവയിലും പങ്കെടുക്കണ്ട എന്നാണു തീരുമാനം. കൂടാതെ കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോള്‍ ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളിക്ക് മന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് ബി.ഡി.ജെ.എസ് കരുതിയത്. എന്നാല്‍ കണ്ണന്താനത്തിന് സീറ്റ് നല്‍കിയതോടെ മുന്നണി ബന്ധത്തിനെതിരെ പരസ്യ പ്രസ്താവനയുമായി നേതാക്കള്‍ രംഗത്തുവരികയായിരുന്നു.