മൂന്നുവയസ്സുകാരി മകളും വേണ്ട 100 കോടി ആസ്തിയും വേണ്ട; ദമ്പതികള്‍ സന്യസിക്കാന്‍ പോകുന്നു

സന്ന്യാസിയാകാന്‍ ദമ്പതികള്‍ തീരുമാനിച്ചു. പിന്നെയൊന്നും നോക്കിയില്ല മൂന്നുവയസ്സുകാരിയായ മകളെയും നൂറുകോടിയോളം മൂല്യം വരുന്ന സ്വത്തും ഉപേക്ഷിച്ച് ജൈനവിശ്വാസികളായ ദമ്പതികള്‍ സന്യാസം സ്വീകരിക്കാന്‍ തയ്യാറെടുത്തു.

മധ്യപ്രദേശിലെ നീമുച്ച് സ്വദേശികളായ സുമിത് റാത്തോര്‍ ഭാര്യ അനാമിക എന്നിവരാണ് സന്യാസം സ്വീകരിക്കാന്‍ കുട്ടിയെയും സ്വത്തും ഉപേക്ഷിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൂറത്തില്‍ സെപ്റ്റംബര്‍ 23ന് ശുഭമാര്‍ഗി ജൈന ആചാര്യ രാംലാല്‍ മഹാരാജിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇരുവരും സന്യാസം സ്വീകരിക്കും. ദീക്ഷ സ്വീകരിക്കുന്നതിനു മുമ്പായുള്ള നിശ്ശബ്ദ പ്രാര്‍ഥനയിലാണ് ഇരുവരും ഇപ്പോള്‍. ഇവരുടെ മകളെ സംരക്ഷിക്കാന്‍ അനാമികയുടെ പിതാവ് അശോക് ഛന്ദാലിയ മുന്നോട്ടുവന്നിട്ടുണ്ട്.

ബി.ജെ.പിയുടെ നീമുച്ച് ജില്ലയുടെ മുന്‍ വൈസ് പ്രസിഡന്റായിരുന്നു അശോക് ഛന്ദാലിയ. മകള്‍ സന്യാസിനിയാകുന്നതില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു. സുമിതിന്റെ അച്ഛനും വ്യവസായിയുമായ രാജേന്ദ്ര സിങ്ങിനും മകന്‍ സന്യാസം സ്വീകരിക്കുന്നതിനോട് എതിര്‍പ്പില്ലെന്നും പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൗതികജീവിതം ഉപേക്ഷിക്കാനും ആധ്യാത്മിക ജീവിതത്തിലേക്ക് കടക്കാനും മകള്‍ക്ക് എട്ടുമാസം പ്രായമുള്ളപ്പോള്‍ തന്നെ സുമിത്തും അനാമികയും തീരുമാനിച്ചിരുന്നതായ സുമിത്തിന്റെ ബന്ധു സന്ദീപ് റാത്തോഡ് പറയുന്നു.

നൂറുകോടിയോളം മൂല്യം വരുന്ന സ്വത്തിന്റെ ഉടമയാണ് സുമിത്തെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞമാസം സൂറത്തില്‍ നടന്ന ഒരു ചടങ്ങില്‍ വച്ച് ആചാര്യ രാംലാലിനോട് തനിക്ക് ദീക്ഷ സ്വീകരിക്കാനുള്ള ആഗ്രഹത്തെ കുറിച്ച് സുമിത് പറഞ്ഞു. അപ്പോള്‍ ഭാര്യയുടെ അനുവാദം വാങ്ങിവരാന്‍ ആചാര്യന്‍ സുമിതിനോട് ആവശ്യപ്പെട്ടു. സുമിത് തന്റെ ആഗ്രഹം ഭാര്യയുമായി പങ്കുവച്ചപ്പോള്‍ അനാമിക അനുവാദം നല്‍കിയെന്നു മാത്രമല്ല, തനിക്കും സന്യാസം സ്വീകരിക്കാന്‍ താത്പര്യമുണ്ടെന്നും അറിയിച്ചു.

ഒന്നുകൂടി ആലോചിക്കാന്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അനാമികയും സുമിത്തും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. നിമൂച്ചിലെ കുടുംബ ബിസിനസ് നോക്കി നടത്താന്‍ ആരംഭിക്കുന്നതിനു മുമ്പ് ലണ്ടനിലായിരുന്നു സുമിത്തിന് ജോലി. ലണ്ടനില്‍ നിന്ന് ഇംപോര്‍ട്ട് എക്‌സ്‌പോര്‍ട്ട് മാനേജ്‌മെന്റില്‍ ഡിപ്ലോമയും ഇദ്ദേഹം നേടി. മൈനിങ് കമ്പനിയില്‍ എന്‍ജിനീയറായിരുന്ന അനാമിക, ഈയടുത്താണ് ജോലി ഉപേക്ഷിച്ചത്. നാലുവര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്.