ഇന്ന് പ്രധാനമന്ത്രിക്ക് പിറന്നാള്‍ മധുരമായി ബിജെപി സേവന ദിനം; രാജ്യമെമ്പാടും വിവിധ പരിപാടികള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 67ാം പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ന് സേവന ദിനമായി ആചരിക്കാന്‍ ബി.ജെ.പി. മോദിയുടെ പിറന്നാള്‍ പ്രമാണിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാംപുകള്‍ രക്തദാന ക്യാപുകളും സംഘടിപ്പിക്കും. മോദിയുടെ സ്വച്ഛ് ഭാരത് മുദ്രാവാക്യമേറ്റെടുത്ത് പലയിടത്തും ബി.ജെ.പി. പ്രവര്‍ത്തകര്‍ ശുചീകരണപ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.

ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ റാഞ്ചിയില്‍ നടക്കുന്ന പരിപാടികളിലാവും പങ്കാളിയാവുക. കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ന്യൂഡല്‍ഹി കീര്‍ത്തി നഗറിലും റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ചെന്നൈയിലും കേന്ദ്രമാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ മുംബൈയിലും നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കും. രാജ്യത്തെമ്പാടും ബി.ജെ.പി. പ്രവര്‍ത്തകര്‍ വിവിധ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും ബി.ജെ.പി. ദേശീയ നേതാക്കള്‍ അറിയിച്ചു.

മോദിയുടെ മണ്ഡലമായ വാരണാസിയില്‍ മധുരം വിതരണം ചെയ്തും കുട്ടികള്‍ക്ക് പഠനസാമഗ്രികള്‍ കൈമാറിയുമാണ് പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പിറന്നാള്‍ ദിനത്തില്‍ മോദി അമ്മയുടെ അരികിലെത്തി അനുഗ്രഹം വാങ്ങി.