പ്രസവിച്ച കുഞ്ഞിനെ കുപ്പയില്‍ എറിഞ്ഞ യുവതി കുറ്റക്കാരിയെന്നു കോടതി
പി.പി.ചെറിയാന്‍
സ്റ്റാറ്റന്റ് ഐലന്റ് (ന്യൂയോര്‍ക്ക്): നൊന്തു പ്രസവിച്ച കുഞ്ഞിനെ മിനിട്ടുകള്‍ക്കകം കുപ്പയിലെറിഞ്ഞ 30 വയസുള്ള നൗഷിന്‍ റഹ്മാന്‍ കോടതിയില്‍ കുറ്റസമ്മതം നടത്തി. സെപ്റ്റംബര്‍ 12നാണ് കുറ്റസമ്മതം കോടതി രേഖപ്പെടുത്തിയത്. 12 വര്‍ഷത്തെ ശിക്ഷയായിരിക്കും കേസ് ഒക്ടോബര്‍ 12ന് വിധി പറയുമ്പോള്‍ ലഭിക്കുക എന്ന് അറ്റോര്‍ണി ഓഫിസ് അറിയിച്ചു.
2016 മാര്‍ച്ചിലാണ് അവിവാഹിതയായ നൗഷിന്‍ റഹ്മാന്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. വീട്ടുകാര്‍ അറിഞ്ഞാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ ഓര്‍ത്ത് കുഞ്ഞിനെ പ്ളാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കുപ്പിയില്‍ എറിയുകയായിരുന്നു. എറിയുമ്പോള്‍ കുഞ്ഞിന് ജീവന്‍ ഉണ്ടായിരുന്നുെവന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ഈ കേസില്‍ 25 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതിക്ക് നേരെ ആദ്യം ചുമത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 12ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് സുപ്രീംകോടതി ജഡ്ജ് മാറിയോ മാറ്റിയുടെ മുന്‍പാകെ ഹാജരാക്കിയ പ്രതിയോടു കുറ്റസമ്മതം നടത്തുന്നുവോ എന്നു കോടതി ആരാഞ്ഞു. കുറ്റം സമ്മതം നടത്തുന്നില്ലെങ്കില്‍ കേസ് മറ്റൊരു തീയതിലേക്കു മാറുകയാണെന്നും വിസ്താരം പിന്നീട് തുടങ്ങുന്നതാണെന്നും അറിയിച്ചു. കുറ്റസമ്മതം നടത്തുകയാണെന്നു പ്രതി അറിയിച്ചതിനെ തുടര്‍ന്ന് വിധി ഒക്ടോബര്‍ 12ലേക്കു മാറ്റി.
കുഞ്ഞിന് അനക്കമോ ശ്വാസമോ ഇല്ലെന്നു കരുതിയാണ് എറിഞ്ഞതെന്നും ജീവനുണ്ടായിരുന്നു എങ്കില്‍ ഇങ്ങനെ ചെയ്യുകയില്ലായിരുന്നെന്നും ഇവര്‍ കോടതി മുന്‍പാകെ ഏറ്റു പറഞ്ഞു. കുഞ്ഞിന്റെ പിതാവിനെതിരെ കേസൊന്നും എടുത്തിരുന്നില്ല. സെപ്റ്റംബര്‍ 12ന് കേസിന്റെ വിധി കേള്‍ക്കാന്‍ നൗഷീന്റെ പിതാവും കോടതിയില്‍ എത്തിയിരുന്നില്ല.