ഒരു ദിവസം മൂന്നു ഹര്‍ജികള്‍ ; നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏറ്റവും നിര്‍ണ്ണായക ദിനം ഇന്ന്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഏറ്റവും നിര്‍ണായകമായ ദിവസമാണ് കടന്നുപോകുന്നത്. കേസുമായി ബന്ധപ്പെട്ട് ജയിലിലായ നടന്‍ ദിലീപ്, ഭാര്യ കാവ്യമാധവന്‍, ഇവരുടെ സുഹൃത്ത് സംവിധായകന്‍ നാദിര്‍ഷ എന്നിവരുടെ വിവിധ ഹര്‍ജികളില്‍ ഇന്ന് വരുന്ന കോടതി വിധി കേസില്‍ നിര്‍ണ്ണായക വഴിത്തിരുവുകള്‍ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംഭവത്തില്‍ പോലീസ് പിടിയിലായി രണ്ട് മാസത്തിലേറെ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി വിധി ഇന്ന് പറയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യാപേക്ഷയില്‍ ശനിയാഴ്ച വാദം പൂര്‍ത്തിയാക്കിയിരുന്നു. 60 ദിവസം കഴിഞ്ഞ സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യത്തിന് അവകാശമുണ്ടെന്നാണ് ദിലീപിന്റെ വാദം. ദിലീപിന്റെ റിമാന്‍ഡ് കാലാവധി 28 വരെ നീട്ടിയിട്ടുണ്ട്.
ദിലീപ് ജാമ്യാപേക്ഷയില്‍ വിധി കാത്തിരിക്കുമ്പോള്‍, കാവ്യയും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ കോടതി വിധി കാത്തരിക്കുകയാണ്. സംഭവവുമായി ബദ്ധപ്പെട്ട് അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്നതടക്കമുള്ള ആരോപണങ്ങളാണ് കാവ്യ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഉയര്‍ത്തിയിട്ടുള്ളത്. കാവ്യയുടെ ഹര്‍ജി ഇന്ന് പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ അഭിഭാഷകനായ ബി.രാമന്‍പിള്ള തന്നെയാണ് കാവ്യയുടെ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പ്രസ്താവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നാദിര്‍ഷയ്ക്ക് നിര്‍ദ്ദേശം നല്‍കിയ ഹൈക്കോടതി അറസ്റ്റ് പാടില്ലെന്ന നിര്‍ദേശം പൊലീസിനും നല്‍കിയിരുന്നു. ഇതിനിടെ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരായ നാദിര്‍ഷാക്കു അനുഭവപ്പെട്ട ഉയര്‍ന്ന രക്ത സമ്മര്‍ദത്തെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ തടസ്സപ്പെടുകയുണ്ടായി.