ധോണിയുടെ ആ നോട്ടത്തില്‍ ജാദവ് ദഹിച്ചുപോയി, അടുത്ത പന്തില്‍ വിക്കറ്റും പോയി, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്ന സംഭവം ഇങ്ങനെ
ചെന്നൈ: പ്രായം കൂടും തോറും വീര്യം കൂടി വരുന്ന താരങ്ങളുടെ ഗണത്തിലാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും ഉള്‍പ്പെടുക. ശ്രീ ലങ്കയില്‍ നടന്ന പരമ്പരയിലെ പ്രകടനവും, കഴിഞ്ഞ ദിവസം ഓസീസിനെതിരെ നടന്ന മത്സരവും അത് അടിവരയിടുന്നു. ഓസീസിനെതിരെ ഇന്ത്യ തകര്‍ച്ചയിലേക്ക് വീണപ്പോള്‍ വീണ്ടും പഴയ ക്യാപ്റ്റന്റെ ഉത്തരവാദിത്വ ബോധത്തോടെ രക്ഷകനായ ധോണി വിമര്‍ശകരുടെ വായടപ്പിക്കുകയും ചെയ്തു. ചിദംബംരം സ്റ്റേഡിയത്തില്‍ ഓസീസിനെ ഇന്ത്യ 26 റണ്‍സിന് തോല്‍പ്പിച്ച മത്സരത്തില്‍ അന്താരാഷ്ട്ര കരിയറില്‍ 100-ാം അര്‍ധസെഞ്ചുറി പിന്നിട്ട ക്യാപ്റ്റന്‍ കൂള്‍ ആ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരവുമായി.
പക്ഷെ ഇന്നലത്തെ മത്സരത്തിനിടെ ഉണ്ടായ ഒരു സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയാണ്. വിക്കറ്റുകള്‍ ഓരോന്നായി നഷ്ട്ടപ്പെട്ട ഇന്ത്യ തകര്‍ച്ചയെ അഭിമുഖീകരിക്കുമ്പോഴാണ് ധോണി ക്രീസിലെത്തിയത്. പിടിച്ചുനില്‍ക്കുകയല്ലാതെ മറ്റു വഴിയില്ലെന്ന് മനസിലാക്കിയ ധോണി കളിയുടെ നിയന്ത്രണം ഏറ്റെടുക്കാനായിരുന്നു ആദ്യം ശ്രമിച്ചത്.
അതിനിടയില്‍ ഒരു റണ്ണൗട്ടില്‍ നിന്ന് ധോണി ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. ഇന്ത്യന്‍ സ്‌കോര്‍ 86ഉം ധോനിയുടെ സ്‌കോര്‍ ഏഴിലുമെത്തി നില്‍ക്കുമ്പോഴായിരുന്നു ഓസീസിന് റണ്ണൗട്ടിനുള്ള അവസരം ലഭിച്ചത്. അത് സ്റ്റമ്പില്‍ കൊണ്ടിരുന്നെങ്കില്‍ ധോണി പുറത്താവുകയും മത്സരഫലം തന്നെ മറ്റൊന്നാകുമായിരുന്നു. 22-ാം ഓവറില്‍ ധോണിയും കേദര്‍ ജാദവുമായിരുന്നു ക്രീസില്‍. സ്റ്റോയ്ന്‍സിന്റെ പന്തില്‍ ധോണി റണ്‍സിനായി ഓടി. എന്നാല്‍ കേദര്‍ ജാദവ് ഓടിയില്ല. തുടര്‍ന്ന് ധോണിസ്റ്റമ്പിനടുത്തേക്ക് തിരിച്ചോടി. അപ്പോഴേക്കും പന്ത് കൈയിലെടുത്ത ഓസീസ് ഫീല്‍ഡര്‍ സ്റ്റമ്പിനു നേരെ പന്ത് എറിഞ്ഞുകഴിഞ്ഞിരുന്നു. പക്ഷേ അത് ലക്ഷ്യത്തിലെത്തിയില്ല. തുടര്‍ന്ന് പന്ത് ദൂരെ പോയതോടെ ധോണി സിംഗിളെടുത്തു.
ഇതിന് ശേഷമാണ് ക്യാപ്റ്റന്‍ കൂളായ ധോണി തന്റെ കൂള്‍ സ്വഭാവം വിട്ടത്. റണ്‍ഔട്ടിന് അവസരമുണ്ടാക്കിയ കേദര്‍ ജാദവിനെ ധോണി ദഹിപ്പിക്കുന്ന നോട്ടം നോക്കി. നിര്‍ണായക സമയത്ത് അശ്രദ്ധ കാട്ടിയതിനുള്ള ആ നോട്ടത്തില്‍ ജാദവ് ശരിക്കും വിയര്‍ത്തുപോയി. അതിനുശേഷം അടുത്ത പന്തില്‍ 40 റണ്‍സെടുത്ത ജാദവ് പുറത്തായി. ധോണിയുടെ ആ നോട്ടവും തൊട്ടടുത്ത പന്തിലെ ജാദവിന്റെ ഔട്ടുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചചെയ്യുന്നത്.
ജാദവിന്റെ വിക്കറ്റ് നഷ്ടപ്പെടാന്‍ കാരണം ധോണിയുടെ ആ നോട്ടമെന്നാണ് പലരും ട്വീറ്റ് ചെയ്തത്. ക്യാപ്റ്റന്‍ കൂളിന്റെ നോട്ടത്തില്‍ ജാദവ് പേടിച്ചുവെന്നും അത് ആത്മവിശ്വാസം നഷ്ടപ്പെടുത്തിയെന്നുമാണ് ആരാധകര്‍ പറയുന്നത്. ധോണിയുടെ റണ്ണൗട്ടിന് കാരണമായേക്കാവുന്ന ആ പന്തിന് ശേഷം ഇരുവരും സംസാരിക്കണമെന്നായിരുന്നു മറ്റു ചിലരുടെ അഭിപ്രായം.