ആദ്യം ഹാര്‍വി പിന്നെ ഇര്‍മ്മ, അടുത്തത് മരിയ; കരീബിയന്‍ ദ്വീപുകളില്‍ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി

സാന്റോ ഡൊമിങ്കോ: ഹാര്‍വിയും ഇര്‍മയും വിതച്ച ദുരിതങ്ങള്‍ കെട്ടടങ്ങും മുന്‍പേ കരീബിയന്‍ ദ്വീപുകളില്‍ നാശം വിതക്കാന്‍ ‘മരിയ’ എത്തുന്നു. കരീബിയന്‍ നാടുകളെ ലക്ഷ്യമാക്കി പുതിയ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നതായി കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഞായറാഴ്ച രൂപപ്പെട്ട മരിയ തിങ്കളാഴ്ച രാത്രിയോടെ ലീവാര്‍ഡ് ഐലന്റുകളില്‍ എത്തുമെന്നാണ് സൂചന.

സെന്റ് മാര്‍ട്ടിന്‍, സെന്റ് മാര്‍ട്‌സ്, അന്റിഗ, ബര്‍ബുഡ, പ്യൂര്‍ട്ടോ റിക്കോ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഹെയ്ത്തി എന്നിങ്ങനെ പല ദ്വീപുകളെയും കടന്നായിരിക്കും മരിയ പോവുകയെന്ന് കാലാവസ്ഥ കേന്ദ്രം പറയുന്നു.പ്രദേശിക സമയം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രൂപപ്പെട്ട മരിയ്ക്ക് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്.

ലെസ്സര്‍ ആന്റില്ലെസിനും 655 കിലോമീറ്റര്‍ തെക്കുകിഴക്ക് രൂപപ്പെടുന്ന കാറ്റ് വടക്കുപടിഞ്ഞാറ് മേഖലയിലൂടെ 24 കിലോമീറ്റര്‍ വേഗതയിലായിരിക്കും കടന്നുപോകുക. കാറ്റിനെ തുടര്‍ന്ന് ലീവാര്‍ഡ് ഐലന്റില്‍ നല്ല മഴയ്ക്കും സാധ്യതയുണ്ട്. കാളാവ്ബസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്.