നാദിര്‍ഷ പലതും മറച്ചു പിടിക്കുന്നു; കോടതിയില്‍ റിപ്പോര്‍ട്ട് നല്കി അന്വേഷണ സംഘം
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംവിധായകന് നാദിര്‍ഷ ചോദ്യം ചെയ്യലിനോട് സഹരിക്കുന്നില്ലെന്നും പലതും മറച്ച് വെക്കുന്നുണ്ടെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു. നാദിര്‍ഷയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ചോദ്യം ചെയ്യുന്നതിന് പരിമിതിയുള്ളതായും പോലീസ് അറിയിച്ചിട്ടുണ്ട്.
നേരത്തെ ഹൈക്കോടതി നല്കിയ ഇടക്കാല ഉത്തരവില്‍ കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷ അന്വേഷണ ഉദ്യോഗസ്ഥരോട് സത്യസന്ധമായി കാര്യങ്ങള്‍ പറയണമെന്നും അല്ലാത്ത പക്ഷം അക്കാര്യം രേഖാമൂലം കോടതിയെ അറിയിക്കാമെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനും പെരുമ്പാവൂര്‍ സി.ഐയുമായ ബൈജു പൗലോസ് മൂന്ന് പേജുള്ള റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് നല്‍കിയത്.
കേസുമായി ബന്ധപ്പെട്ട് ചില സുപ്രധാന വിവരങ്ങള്‍ നാദിര്‍ഷയില്‍ നിന്ന് തേടാന്‍ ശ്രമിച്ചിരുന്നു. പക്ഷെ ഇതിനൊന്നും കൃത്യമായ മറുപടി നാദിര്‍ഷ നല്‍കിയിരുന്നില്ല. മാത്രമല്ല നാദിര്‍ഷ നല്കിയ മൊഴി തൃപ്തികരമല്ലെന്നും വിവിധ മൊഴികള്‍ പരിശോധിച്ചപ്പോള്‍ നാദിര്‍ഷ കേസുമായി ബന്ധപ്പെട്ട് പലതും മറച്ചുവെക്കാന്‍ ശ്രമിക്കുന്നതായി ബോധ്യപ്പെട്ടതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നാദിര്‍ഷയെ അഞ്ച് മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴികള്‍ പരിശോധിച്ചപ്പോളാണ് നാദിര്‍ഷ പല കാര്യങ്ങളും ബോധപൂര്‍വം മറച്ചുവെക്കാന്‍ ശ്രമിക്കുന്നത് ബോധ്യപ്പെട്ടതായി പോലീസ് അറിയിച്ചത്. ഇതുവരെ നാദിര്‍ഷയെ കേസില്‍ പ്രതിചേര്‍ക്കാന്‍ പോലീസ് തീരുമാനിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യേപക്ഷ തള്ളണമെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു.