സംഘപരിവാറിനെതിരെ വീണ്ടും മമത; തെരുവില്‍ ആയുധമേന്തിയാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് താക്കീത്
പശ്ചിമ ബംഗാള്‍: ആര്‍.എസ്.എസ്സിനെതിരെ വീണ്ടും ശക്തമായ താക്കീതുമായി മമതാ ബാനര്‍ജി.
വിജയദശമി ദിനത്തില്‍ ആയുധമേന്തിയുള്ള സംഘപരിവാറിന്റെ മാര്‍ച്ച് ഒരു തരത്തിലും അനുവദിക്കില്ലെന്നും ഇതിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മമത അറിയിച്ചു.
താക്കീതിന് പിന്നാലെ, വിജയദശമിയുമായി ബന്ധപ്പെട്ട് സാമുദായിക കലാപമുണ്ടാക്കാനുള്ള എല്ലാതരം നീക്കങ്ങളെയും നേരിടാന്‍ മമത പൊലീസിന് നിര്‍ദേശവും നല്‍കി.
വിജയദശമി ദിനമായ ഈ മാസം മുപ്പതിന് പശ്ചിമ ബംഗാളിലെ 300 കേന്ദ്രങ്ങളില്‍ വിശ്വ ഹിന്ദു പരിഷത്ത് ആയുധ പൂജ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം ആയുധമേന്തിയുള്ള പ്രകടനവുമുണ്ടാകുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് മമതാ സര്‍ക്കാരിന്റെ മുന്നറിയിപ്പ്.
ബസിര്‍ഹട്ട്, റായ് ഗഞ്ച് തുടങ്ങി ബംഗാളിലെ വിവിധ മേഖലകളില്‍ അടുത്തിടെ സാമുദായി സംഘര്‍ഷമുണ്ടായതും, ഏപ്രില്‍ 5ന് രാമ നവമിയുടെ ഭാഗമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തെരുവില്‍ വാളുകളേന്തി മാര്‍ച്ച് നടത്തിയതും കണക്കിലെടുത്താണ് വിജയദശമി ദിനത്തില്‍ കര്‍ശന നടപടിക്കൊരുങ്ങുന്നതെന്ന് ബംഗാള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചു.
സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ വാഷിക ദിനമായിരുന്ന ഈ മാസം 11-ന് പ്രധാന മന്ത്രി നരേന്ദ്ര നടത്തിയ പ്രസംഗം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാലയങ്ങളില്‍ സംപ്രേഷണം ചെയ്യാതിരുന്നതിന് പിന്നാലെയാണ് മമത സര്‍ക്കാരിന്റെ പുതിയ നീക്കം.