തമിഴ്‌നാട് പളനിസ്വാമി സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷമായി: 18 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി

തമിഴ്‌നാട്ടില്‍ സ്പീക്കര്‍ പി. ധനപാലന്‍ 18 എം.എല്‍.എമാരെ അയോഗ്യരാക്കി. ടി.ടി.വി. ദിനകരനു പിന്തുണ പ്രഖ്യാപിച്ച 19 എം.എല്‍.എമാരില്‍ 18 പേരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. വിപ്പ് ലംഘിച്ചെന്ന് പരാതിയില്‍ വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്നാണ് സ്പീക്കറുടെ നടപടി.

ഇതോടെ വലിയ പ്രതിസന്ധി നേരിട്ട പളനിസ്വാമി സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷമായി. 234 അംഗ നിയമസഭയില്‍ 19 എം.എല്‍.എമാര്‍ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നു സര്‍ക്കാര്‍ വലിയ പ്രതിസന്ധികള്‍ നേരിട്ടിരുന്നു. സഭയില്‍ ന്യൂനപക്ഷമായ സര്‍ക്കാരിനെതിരെ വിശ്വാസവോട്ടെടുപ്പ് കൊണ്ടുവരുന്നതിനായി പ്രതിപക്ഷമായ ഡി.എം.കെ. ഗവര്‍ണറെ കണ്ടിരുന്നു. ഇതേ ആവശ്യം ദിനകരനും ഉന്നയിച്ചിരുന്നു. ഇതോടെ സര്‍ക്കാര്‍ വലിയ പ്രതിസന്ധിയാണ് നേരിട്ടത്.

234 അംഗ നിയമസഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ 118 അംഗങ്ങളുടെ പിന്തുണ ആവശ്യമായിരുന്നു. എന്നാല്‍ 18 എം.എല്‍.എമാരെ അയോഗ്യരാക്കിയതോടെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 108 അംഗങ്ങളുടെ പിന്തുണമതിയാകും. 134 അംഗങ്ങളാണ് ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയ്ക്ക് ഉണ്ടായിരുന്നത്. ഇതില്‍ 18 എം.എല്‍.എമാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്.

അതേസമയം എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടിക്കെതിരെ ദിനകരന്‍ പക്ഷം കോടതിയെ സമീപിക്കുമെന്നാണ് സൂചന. കുറുമാറ്റ നിയമപ്രകാരമോ, വീപ്പ് ലംഘനമോ ഉണ്ടായിട്ടില്ലെന്നും ദിനകരന്‍ പക്ഷം അവകാശപ്പെടുന്നു.